ജമ്മുകശ്മീരില്‍ ചാരപ്രവര്‍ത്തനത്തിന് പാകിസ്ഥാന്‍ പരിശീലിപ്പിച്ച പ്രാവിനെ പിടികൂടി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ചാരപ്രവര്‍ത്തനത്തിനായി പാകിസ്ഥാന്‍ പരിശീലിപ്പിച്ച പ്രാവിനെ പിടികൂടി. പ്രാവിനെ പരിശോധിച്ചപ്പോള്‍ കോഡുഭാഷയിലുളള രഹസ്യ സന്ദേശം ലഭിച്ചതായി ജമ്മു കശ്മീര്‍ അധികൃതര്‍ വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ കത്തുവ ജില്ലയില്‍ രാജ്യാന്തര അതിര്‍ത്തിയിലാണ് സംഭവം. പാകിസ്ഥാനില്‍ നിന്ന് പറന്നുവന്ന പ്രാവ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സംശയം തോന്നി പിടികൂടിയ പ്രാവിനെ പരിശോധിച്ചപ്പോഴാണ് കോഡുഭാഷയിലുളള രഹസ്യ സന്ദേശം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിന് പ്രാവിനെ കൈമാറുകയായിരുന്നു. കോഡുഭാഷയുടെ അര്‍ത്ഥം കണ്ടെത്താനുളള ശ്രമത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.

ഇന്നലെയാണ് ഹിരാനഗര്‍ സെക്ടറിലെ മന്യാരി ഗ്രാമത്തിലുളളവര്‍ പ്രാവിനെ കണ്ടത്. ഒരു കാലിനോട് ചേര്‍ന്ന് ഒരു വളയം കെട്ടിയിട്ട നിലയിലാണ് പ്രാവിനെ കണ്ടെത്തിയത്. ചില നമ്പറുകള്‍ രേഖപ്പെടുത്തിയ നിലയിലായിരുന്നു വളയമെന്ന് കത്തുവ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.