ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയില്‍വേ ബോർഡ് ചെയര്‍മാന്‍ വികെ യാദവ്. ജൂണ്‍ ഒന്നുമുതല്‍ 200 എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കും. ശ്രമിക് ട്രയിനുകള്‍ക്ക് പുറമെയാണിത്.
പത്തു ദിവസത്തിനുള്ളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് 2600 ശ്രമിക് ട്രയിനുകളാണ് ഓടിക്കുന്നത്. 36 ലക്ഷം യാത്രക്കാരെ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. പാസഞ്ചര്‍ ട്രയിനുകള്‍ പുനരാരംഭിക്കുന്നതും പരിഗണനയിലുണ്ട്.
അതേസമയം രാജ്യത്തെ കൊറോണ രോഗബാധ കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത രണ്ട് മാസം ഇതിനുള്ള സാധ്യത കൂടുതലാണെന്നാണ് വിവരം. ഉയർന്ന ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്കും ആശുപത്രികൾക്കും നിർദ്ദേശം നൽകി.
ആശുപത്രികളിൽ വെന്റിലേറ്ററുകളുടെ എണ്ണം വർധിപ്പിക്കാനും പരമാവധി രോഗികൾക്ക് കിടക്കാനുള്ള കിടക്കകൾ കണ്ടെത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാജ്യത്ത് 6654 പേര്‍ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഏറ്റവും ഉയർന്ന വർധനവാണിത്. ഇതോടെ രോഗബാധിതരുടെ എണ്ണം 1.25 ലക്ഷം പിന്നിട്ടു