വാഷിംഗ്ടൺ : കൊറോണ ബാധിച്ച് മരിച്ച പൗരന്മാരോടുള്ള ആദര സൂചകമായി അമേരിക്കൻ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൂന്ന് ദിവസതേക്കാണ് പതാക താഴ്ത്തികെട്ടുന്നത്.
വൈറസ് ബാധിതരായി മരിച്ചവരോടുള്ള സ്മരണക്കായി അടുത്ത മൂന്ന് ദിവസം എല്ലാ ഫെഡറല്‍ കെട്ടിടങ്ങളിലെയും ദേശീയ സ്മാരകങ്ങളിലെയും പതാകകള്‍ പകുതി താഴ്ത്തുമെന്ന് ട്രംപ് പറഞ്ഞു.
രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈന്യത്തിലെ പുരുഷന്മാരെയും സ്ത്രീകളെയും ബഹുമാനിക്കുന്നതിനായിട്ടായിരിക്കും തിങ്കളാഴ്ച പതാകകള്‍ പകുതി താഴ്ത്തിക്കെട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഈ വരുന്ന തിങ്കളാഴ്ച അമേരിക്കയ്ക്ക് വേണ്ടി സേവനമനുഷ്ഠിച്ച് മരണമടഞ്ഞ സൈനികർക്ക് വേണ്ടിയുള്ള ഓർമ ദിവസമാണ്. അന്ന് രാജ്യത്തിന് അവധി ദിനം കൂടിയാണ്. അതുകൊണ്ട് കൊറോണ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞവർക്കും ആദരമർപ്പിക്കാനാണ് ട്രംപിന്റെ ആഹ്വാനം.
അമേരിക്കയിൽ 94, 702 പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടിട്ടുള്ളത്. ലോകത്ത് ഏറ്റവുമധികം ആളുകൾക്ക് കൊറോണ ബാധിച്ചത് അമേരിക്കയിലാണ്. 1,620,902 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്