ആഭ്യന്തര വിമാന സർവീസുകളിൽ യാത്രചെയ്യുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ല

ന്യൂഡെൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ യാത്രചെയ്യുന്നവർക്ക് ക്വാറന്റീൻ തത്കാലം നിർബന്ധമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. കൂടാതെ വിമാനങ്ങളുടെ ഓരോ റൂട്ടിലെയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഇപ്പോഴത്തെ സാഹചര്യത്തിൽ ആഭ്യന്തര യാത്രക്കാർക്ക് ക്വാറന്റീൻ ആവശ്യമാണെന്ന് കരുതുന്നില്ല.
അന്താരാഷ്ട്ര വിമാന സർവീസുകളിലെ യാത്രക്കാരെപ്പോലെ ദീർഘദൂര യാത്രയല്ല ഇവർ നടത്തുന്നത്. താരതമ്യേന ചെറിയ ദൂരത്തേയ്ക്കുള്ള യാത്രയാണ് ആഭ്യന്തര സർവീസുകളിൽ നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൂടാതെ കൊറോണ മഹാമാരിയുടെ കാലത്ത് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നത് നിരക്ക് അംഗീകരിച്ചു സര്‍വീസ് നടത്താന്‍ വിമാനക്കമ്പനികള്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത മൂന്നു മാസത്തേക്ക് മുംബൈ-ഡെൽഹി വിമാനനിരക്ക് 3500 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലായിരിക്കും.
യാത്രാ സമയവും റൂട്ടിന്റെ പ്രത്യേകതയും കണക്കിലെടുത്താവും നിരക്കു നിശ്ചയിക്കുക. ഏഴു വിഭാഗങ്ങളായാണ് യാത്രാദൈര്‍ഘ്യം ക്രമീകരിക്കുക. 0-30 മിനിറ്റ്, 30-60 മിനിറ്റ്, 60-90 മിനിറ്റ്, 90-120 മിനിറ്റ്, 120-150 മിനിറ്റ്, 150-180 മിനിറ്റ്, 180-210 മിനിറ്റ് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

മെട്രോ നഗരങ്ങളിൽനിന്ന് മറ്റു നഗരങ്ങളിലേയ്ക്ക് മൂന്നിൽ ഒന്ന് വിമാനങ്ങൾ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ഒരു വിമാനത്തിലെ 40 ശതമാനം സീറ്റുകളിൽ യാത്ര അനുവദിക്കും. ആഴ്ചയിൽ 100-ൽ അധികം വിമാനങ്ങൾ സർവീസ് നടത്തുമെന്നും ഹർദീപ് സിങ് പുരി പറഞ്ഞു.