സിസ്റ്ററിന്റെ ചിത്രം എഡിറ്റ്‌ ചെയ്ത് മോശം വാക്കുകൾ കൂട്ടിച്ചേർത്തു; കപ്പൽ ജീവനക്കാരനെതിരെ കേസ്

തലശേരി: സാമൂഹ്യപ്രവർത്തകയായ സിസ്റ്ററിന്റെ ചിത്രം എഡിറ്റ്‌ ചെയ്ത് മോശം വാക്കുകൾ കൂട്ടിച്ചേർത്തു പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. കോട്ടയം സ്വദേശി ക്യാപ്റ്റൻ നോബിൾ പെരേര എന്നയാൾക്കെതിരെ തലശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ ജീവനക്കാരാനായ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

തലശ്ശേരി മദ്യവിരുദ്ധ സമിതി കോഡിനേറ്ററായ സിസ്റ്റർ ലൂസീനയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
മദ്യശാലകൾ തുറക്കുന്നതിനെതിരെയുള്ള സാമൂഹ്യബോധ വൽക്കരണത്തിന്റെ ഭാഗമായി സിസ്റ്റർ ഉൾപ്പെടെയുള്ള മദ്യവിരുദ്ധസമിതി പ്രവർത്തകർ ‘മദ്യ ശാലകൾ തുറക്കരുത്, കൂടുംബം തകർക്കരുത്’ എന്ന പോസ്റ്ററുമായി നിൽക്കുന്ന സിസ്റ്ററിന്റെ ചിത്രത്തിലെ എഴുത്തുകൾ തിരുത്തി ഇയാൾ അവാസ്തവവും ആഭാസകരവുമായ വാക്കുകൾ എഴുതി ചേർത്തു പ്രചരിപ്പിക്കുകയായിരുന്നു.

പവിത്രമായി എല്ലാവരും ബഹുമാനിക്കുന്ന തന്റെ സന്യാസത്തെയും വിശാസത്തെയും മനപുർവം അപമാനിക്കുന്നതും വ്യക്തിപരമായി മാനഹാനി വരുത്തുന്നതുമായ പ്രചാരണം നടത്തിയ നോബിൾ പേരെരേക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈം നമ്പർ 918/20, ഐപിസി 509 294 എന്നീ വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരേയും നിയമ നടപടി സ്വീകരിക്കുമെന്ന് സിസ്റ്റർ ലൂസീന അറിയിച്ചു.