പണവും സ്വർണവുമായി കടയിൽ നിന്നിറങ്ങിയ മോഹൻ്റെ തിരോധാനം; തുമ്പില്ലാതെ പോലീസ്

തിരുവനന്തപുരം: പണവും സ്വർണവുമായി പറണ്ടോട്ടെ ഫിനാൻസ് സ്ഥാപനത്തിൽ നിന്നിറങ്ങിയ മോഹൻ്റെ തിരോധാനം പോലീസിനെയും നാട്ടുകാരെയും കുഴയ്ക്കുന്നു. ആര്യനാട് കുളപ്പട സുവർണ നഗർ ഏദൻ നിവാസിൽ കെ. മോഹനെ (56) മേയ് എട്ടു മുതലാണ് കാണാതായത്. ബാങ്കിൽനിന്ന് 50 പവനും 50,000 രൂപയും എടുത്തിറങ്ങിയ മോഹനെ പിന്നെ ആരും കണ്ടിട്ടില്ല. റോഡിൽനിന്ന് സ്കൂട്ടർ ഉൾപ്പെടെ കാണാതായ സംഭവം തെളിയിക്കാൻ പരക്കം പായുകയാണ് ആര്യനാട് പൊലീസ്.

കരകുളത്തിന് അടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളിൽ മോഹനൻ സ്കൂട്ടറിൽ പോകുന്നത് കാണാമെങ്കിലും സ്കൂട്ടറിനെക്കുറിച്ചോ ആളിനെക്കുറിച്ചോ 11 ദിവസമായി യാതൊരു വിവരവുമില്ല. ലോക്ഡൗണിൽ സഞ്ചാര നിയന്ത്രണമുള്ള സമയത്താണ് മോഹനനെ കാണാതായത്.

ഭാര്യാ സഹോദരൻ പറണ്ടോട്ടെ ഫിനാൻസ് സ്ഥാപനത്തിൽ 10 വർഷമായി മോഹനൻ ജോലി ചെയ്യുന്നു. അവിടെനിന്ന് സ്വർണം പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ കൊണ്ടുപോയി പണയം വയ്ക്കുന്നതും തിരികെ എടുക്കുന്നതും വർഷങ്ങളായി മോഹനനാണ്. പതിവുപോലെ മേയ് 8ന് ബാങ്കിൽ പോയി തിരികെ വരുന്നതിനിടെയാണ് ദുരൂഹമായ അപ്രത്യക്ഷമാകൽ. പേരൂർക്കട– നെടുമങ്ങാട് റോഡിൽ കരകുളം പഞ്ചായത്ത് ഓഫിസിനു സമീപം വരെ മോഹനൻ എത്തിയതായി തെളിവു ലഭിച്ചു.

കരകുളം അഴീക്കോടീന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സിസിടിവികളിൽ 11.02ന് മോഹനൻ സ്കൂട്ടറിൽ കടന്നുപോയതായി കാണുന്നുണ്ട്. എന്നാൽ പോകുന്ന വഴിയിൽ അരുവിക്കര, മുണ്ടേല ഭാഗത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ മോഹനന്റെ യാത്ര ഇല്ല. 8 ന് രാവിലെ ഈ ഭാഗങ്ങളിൽ വൈദ്യുതി ഇല്ലാത്തതിനാൽ പല കടകളുടെയും സിസിടിവി പ്രവർത്തിച്ചിരുന്നില്ല.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും തുമ്പൊന്നും ലഭിച്ചില്ല. മോഹനൻ ഓടിച്ചിരുന്ന സ്കൂട്ടർ ഉൾപ്പെടെ കാണാതായത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. തെങ്കാശിയിലേക്കു പോകുന്ന പ്രധാന റോഡിൽനിന്ന് ആളെ തട്ടിക്കൊണ്ടുപോകുന്നത് എളുപ്പമല്ലെന്ന് പൊലീസ് പറയുന്നു. അതിർത്തികൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. ബാങ്കിൽനിന്ന് ഇറങ്ങിയ മോഹനനെ ഏതെങ്കിലും വാഹനങ്ങൾ പിന്തുടർന്നിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

മോഹനന് സാമ്പത്തിക ബാധ്യതയില്ലെന്നു ബന്ധുക്കൾ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് ബാങ്കിലേക്ക് കൊണ്ടുപോകുന്ന സ്വർണം കുറവായിരുന്നു. മുൻപ് ഇതിനേക്കാൾ അളവ് സ്വര്‍ണം കൊണ്ടു പോയിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കുന്നു.