പരീക്ഷകൾ മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ പിടിവാശി; എംജി സർവകലാശാലയും മെയിൽ പരീക്ഷയ്ക്ക്

തിരുവനന്തപുരം:സ്കൂൾ പരീക്ഷകൾക്ക് മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ എംജി സർവകലാശാലയും മേയിൽ തന്നെ പരീക്ഷ നടത്താൻ രംഗത്ത്. ആദ്യം മേയിലെ പരീക്ഷ മാറ്റിവച്ചെന്ന് കുറിപ്പിറക്കിയ സർവ്വകലാശാലാ തനി രാഷ്ട്രീയ ഒത്തുകളി പോലെ മെയ് മാസത്തെ പരീക്ഷകളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി വീണ്ടും കുറിപ്പിറക്കി. കൊറോണ വൈറസ് വ്യാപനം പുതിയ ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക വളർത്തുന്ന സർക്കാരിൻ്റെ പരീക്ഷാ പിടിവാശി. സിബിഎസ്ഇയും യുജിസിയും കോഴ്സ് പ്രവേശനവും പരീക്ഷകളും മാറ്റിവച്ചപ്പോഴാണ് സംസ്ഥാന സർക്കാർ പരീക്ഷകൾ നടത്തിയേ അടങ്ങൂ എന്ന പിടിവാശിയിൽ ഉറച്ചു നിൽക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രസ്താവന വരുന്നതിന് മുമ്പ്
എംജി സർവകലാശാല 26ന് ആരംഭിക്കാനിരുന്ന ബിരുദ, ബിരുദാനന്തര പരീക്ഷകൾ ജൂണിലേക്ക് മാറ്റിയെന്നാണ് പത്രക്കുറിപ്പിറക്കിയത്. എന്നാൽ എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചതോടെ
മഹാത്മാഗാന്ധി സർവകലാശാല മേയ് 26 മുതൽ നടത്താനിരിക്കുന്ന ആറാം സെമസ്റ്റർ സിബിസിഎസ്. ബിരുദ(റഗുലർ, പ്രൈവറ്റ്) പരീക്ഷകൾക്കും ജൂൺ മൂന്നു മുതൽ നടത്താനിരിക്കുന്ന ബിരുദാനന്തരബിരുദ പരീക്ഷകൾക്കും ജൂൺ നാലുമുതൽ നടത്താനിരിക്കുന്ന അഞ്ചാംസെമസ്റ്റർ സി.ബി.സി.എസ്. പ്രൈവറ്റ് പരീക്ഷകൾക്കും മാറ്റമില്ലെന്ന് അറിയിച്ച് പരീക്ഷ കൺട്രോളറുടെ പത്രക്കുറിപ്പും വന്നു.

സ്കൂളുകളും കോളജുകളും തുറക്കരുതെന്ന കേന്ദ്ര സർക്കാരിൻ്റെ നാലാംഘട്ട ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിച്ച് സംസ്ഥാന സർക്കാരും
മാഹാത്മാ ഗാന്ധി സർവകലാശാലയും മെയ് മാസത്തെ പരീക്ഷകളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ഇതോടെ പരസ്യമായി രംഗത്ത് വന്നിരിക്കയാണ്. പരീക്ഷകൾ നടത്താനുറച്ച് കോളജുകളും സ്കൂളുകൾ തുറക്കാനാണ് ഈ നീക്കമെന്ന് വ്യക്തം.

വിവിധ മേഖലകളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്ന് കേന്ദ്രം ഞായറാഴ്ച ഉത്തരവിറക്കിയിരുന്നു. എന്നാൽ കേന്ദ്ര നിർദേശം ചെവിക്കൊള്ളാതെയാണ് എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എഎസ് സി പരീക്ഷകള്‍ മേയ് 26 മുതല്‍ 30 വരെ നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇന്നത്തെ പ്രഖ്യാപനം. ഇനിയുള്ള എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എഎസ് സി പരീക്ഷകള്‍ മേയ് 26 മുതല്‍ 30 വരെ നടക്കും. ഇതു സംബന്ധിച്ച് പരീക്ഷാ കലണ്ടര്‍ തയാറായതായി മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷകള്‍ ജൂണിലേക്കു മാറ്റിവയ്ക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണു മുഖ്യമന്ത്രി തീയതി പ്രഖ്യാപിച്ചത്.