പെരുമ്പാവൂർ: വളയൻ ചിറങ്ങരയിൽ മധ്യവയസ്കനെ കല്ലിനിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വാരിക്കാട് മൂലേക്കുടി വീട്ടിൽ മത്തായി കുഞ്ഞിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വളയൻചിറങ്ങര വാരിക്കാട് ടാങ്ക് സിറ്റി ഇലത്തുകുടിവീട്ടിൽ വിജയനെ കല്ലിനിടിച്ച് കൊന്നത് മത്തായി കുഞ്ഞാണെന്ന് ശാസ്ത്രിയ പരിശോധനയിലൂടെയാണ് പോലീസ് തെളിയിച്ചത്.
സ്ഥിരം മദ്യപാനിയായ ഇയാൾ കള്ള് വാങ്ങി ഷാപ്പിൽ തന്നെ വെക്കുകയായിരുന്നു പതിവ്. പിന്നീട് രാത്രിയാകുമ്പോൾ ഷാപ്പിൻ്റെ പുറകുവശത്തെ വാതിൽ വിരലിട്ട് തുറന്ന് അകത്തു കയറി കള്ളുകുടിക്കും. സംഭവ ദിവസം എത്തിയപ്പോൾ ഷാപ്പിന് പിന്നിൽ വിജയൻ നിൽക്കുന്നത് കണ്ടു.
പ്രതി വിജയനോട് ഷാപ്പിൽ നിന്ന് പോകാൻ ആവശ്യപ്പെട്ടു. വിജയൻ വഴങ്ങിയില്ല. തുടർന്ന് മൽപ്പിടുത്തമായി. വിജയനെ ആദ്യം മറിച്ചിട്ട് മർദ്ദിച്ചു. പിന്നീട് സമീപത്ത് കിടന്ന കല്ലെടുത്ത് വിജയൻ്റെ തലക്കടിക്കുകയായിരുന്നു. കൊലപാതകം നടത്തിയത് ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് വരുത്തി തീർക്കാൻ മൃതദേഹം അവിടെ നിന്നും 20 മീറ്റർ അകലത്തിൽ മാറ്റി ഇട്ടു. ഈ പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ധാരാളമുണ്ട്. കൊലപാതകത്തെ തുടർന്ന് മാത്തായി കുഞ്ഞിൻ്റെ ഷർട്ടിൽ വിജയൻ്റെ രക്തം തെറിച്ചിരുന്നു. തെളിവു നശിപ്പിക്കാൻ ഇയാൾ ഷർട്ട് കനാലിലൂടെ ഒഴുക്കി കളഞ്ഞിരുന്നു. ഷാപ്പിൽ നിന്നു ലഭിച്ച രക്ത സാമ്പിളുകൾ ആണ് കേസിൽ നിർണായകമായത്. പ്രതി വിജയൻ്റെ മരണശേഷവും പതിവായി ഷാപ്പിലെത്താറുണ്ടായിരുന്നു. ഇന്നലെ രാത്രി 11 നാണ് മത്തായി കുഞ്ഞ് പിടിയിലായത്.
വിജയൻ്റെ നഖത്തിനുള്ളിൽ നിന്നും ശേഖരിച്ച ഡി.എൻ.എ യും മത്തായി കുഞ്ഞിൻ്റെ ഡി.എൻ.എ യും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് ഇയാളെ പിടികൂടിയത്.
കഴുത്തിലും നെറ്റിയിലും മുറിവേറ്റ പാടുകൾ കണ്ടതിനാൽ കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അദ്യഘട്ടത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം തുടങ്ങിയത്.
കഴുത്തിലും നെറ്റിയിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ഈ മുറിവുകളാണ് കൊലപാതകമെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടിയത് ‘ രക്തം പുരണ്ട നിലയിൽ ഒരു കരിങ്കൽ കഷ്ണവും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തു. കൽപ്പണിക്കാരനാണ് മരിച്ച വിജയൻ. ഏറെക്കാലമായി ഒറ്റയ്ക്കായിരുന്നു താമസം.