ഇന്ത്യയിൽ ലോക്ഡൗൺ മേയ് 31 വരെ നീട്ടി

ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ മേയ് 31 വരെ നീട്ടി. പുതുക്കിയ ലോക്ഡൗൺ മാർഗരേഖ ഉടൻ പുറത്തിറക്കും. കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25ന് ആണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 14 വരെയായിരുന്നു ആദ്യ ഘട്ടത്തിൽ ലോക്ഡൗൺ. ഇത് പിന്നീട് മേയ് മൂന്ന് വരെയും 17 വരെയും നീട്ടുകയായിരുന്നു.

നാലാം ഘട്ട ലോക്ക് ഡൗണിലെ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ചുള്ള അന്തിമ മാ‍​ർ​ഗനി‍ർദേശം കേന്ദ്രഅഭ്യന്തരമന്ത്രാലയം തയ്യാറാക്കി കഴിഞ്ഞു.

ബസ്, വിമാന സർവ്വീസുകൾക്ക് നാലാം ഘട്ട ലോക്ക് ഡൌണിൽ ഇളവ് നൽകിയേക്കും എന്ന് സൂചനയുണ്ടായിരുന്നെങ്കിലും വിമാനസ‍ർവ്വീസിൻ്റെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. എല്ലാത്തരം ഓൺവ്യാപരങ്ങൾക്കും പുതിയ ഘട്ടത്തിൽ അനുമതി നൽകുമെന്നാണ് സൂചന. എല്ലാ മേഖലകളും തുറക്കണമെന്നാണ് ദില്ലി സർക്കാ‍ർ‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങൾ ലോക് ഡൗൺ ഈമാസം അവസാനം വരെ നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രമേഖലകൾ തീരുമാനിക്കാനുളള അവകാശം സംസ്ഥാനങ്ങൾക്ക് നൽകുമെന്ന സൂചനയും ഉണ്ട്. മഹാരാഷ്ട്രയും തമിഴ്നാടും ഇതിനോടകം ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി ഉത്തരവ് ഇറക്കിയിരുന്നു.

രാജ്യത്തെ കൊറോണ ബാധയുടെ 80 ശതമാനവുമുള്ള 30 ഇടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ക്ക് യാത്രക്കാരുടെ എണ്ണം പരിമതപ്പെടുത്തി അനുമതി നൽകാനാണ് സാധ്യത.
രോഗവ്യാപത്തിനു കുറവ് വരാത്ത സാഹചര്യത്തിലാണ് വീണ്ടും ലോക് ഡൗൺ നീട്ടിയിരിക്കുന്നത്.

നാലാംഘട്ടത്തിലും ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടഞ്ഞുതന്നെ കിടക്കും. വിവാഹത്തിനും മരണാനന്തരച്ചടങ്ങുകള്‍ക്കുമുള്ള ആളുകളുടെ നിയന്ത്രണം തുടരാനാണ് സാധ്യത.