ന്യൂഡൽഹി: കൊറോണ സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗത്തിൽ കോർപ്പറേറ്റ് രംഗത്തിനും തൊഴിലാളികൾക്കുമുള്ള കൂടുതൽ പദ്ധതികൾ ഇന്ന് പ്രഖ്യാപിക്കും. രണ്ടുദിവസം കൂടി പ്രഖ്യാപനം തുടരും എന്ന സൂചനയാണ് ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നൽകിയത്. കാർഷിക, മൃഗസംരക്ഷണ, മത്സ്യബന്ധന മേഖലയ്ക്കുള്ള പദ്ധതികളും പരിഷ്ക്കരണ നടപടിയുമാണ് ഇന്നലെ പ്രഖ്യാപിച്ചത്. എന്നാല്‍ പാവപ്പെട്ടവർക്ക് നേരിട്ട് ധനസഹായം നൽകാതെ ഈ പ്രഖ്യാപനങ്ങൾ കൊണ്ട് കാര്യമില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
കൊറോണയെ തുടര്‍ന്ന് തിരിച്ചടി നേരിട്ട കാര്‍ഷിക മേഖലയ്‌ക്കാണ് സാമ്പത്തിക പാക്കേജിന്‍റെ മൂന്നാം ഭാഗത്തില്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഇന്നലെ നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. 11 പ്രഖ്യാപനങ്ങളാണ് നടത്തുന്നത് എന്നും അതില്‍ എട്ടെണ്ണം അടിസ്ഥാന വികസനത്തിന് വേണ്ടിയുള്ളതാണെന്നും അവര്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടിയുടെ പ്രഖ്യാപനം നടത്തി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തിനാണ് ഇത് വിനിയോഗിക്കുക. കൂടുതൽ കോൾഡ് ചെയിൻ സ്ഥാപിക്കും. ആഗോള തലത്തിൽ കാർഷികോൽപ്പന്നങ്ങൾ ഉപയോഗിച്ച് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സഹായകരമാകുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.