തിരുവനന്തപുരം: നാളെ ഞായറാഴ്ച സംസ്ഥാനത്ത് പൊതു അവധി,സമ്പൂര്‍ണ ലോക്ക്ഡൗണ്‍. വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കും. എന്നാൽ ചില വിഭാഗങ്ങളിൽ നേരിയ ഇളവുകളുമുണ്ട്. പാല് സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്. മാധ്യമങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. കല്യാണങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കുമല്ലാതെ ആളുകള്‍ ഒത്തുകൂടാന്‍ അനുവദിക്കില്ല. ആളുകള്‍ നടന്നും സൈക്കിളിലും പോകുന്നതിന് അനുവദിക്കും.
ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ഡെലിവറി രാത്രി പത്തു വരെ അനുവദിക്കും. ചരക്കു വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍, അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്കാണ് യാത്രാനുമതിയുള്ളത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവ പ്രവര്‍ത്തിക്കും. മാലിന്യ നിര്‍മാര്‍ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട വരുന്ന ഉത്പാദന സംസ്കരണശാലകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.
ആരാധനാലയങ്ങളില്‍ പൂജാകര്മങ്ങള്ക്കു പോകുന്നതിനു പുരോഹിതന്മാര്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്പറേഷന് പരിധിയില്‍ കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന റോഡുകളില്‍ ഞായറാഴ്ച നിയന്ത്രണം തുടരും. പുലര്‍ച്ചെ അഞ്ചു മുതല്‍ രാവിലെ പത്തു മണി വരെയാണ് നിയന്ത്രണം. ഈ സമയപരിധിയില്‍ അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും അടിയന്തരാവശ്യത്തിന് പോകുന്ന വാഹനങ്ങള്‍ക്കും ഈ റോഡുകളില്‍ നിയന്ത്രണമുണ്ടാവില്ല. മറ്റുള്ളവര്‍ അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് പോലീസിന്റെ പാസ് വാങ്ങണം.