ന്യൂഡല്‍ഹി: കാര്‍ഷിക, ഭക്ഷ്യധാന്യ മേഖലക്ക് പ്രധാന്യം നല്‍കിയാണ് സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ടമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 11 ഇന കര്‍മപദ്ധതിയില്‍ ഊന്നിയായിരിക്കും പ്രധാനമായും പാക്കേജ്. ഇതില്‍ എട്ടെണ്ണം നിര്‍മാണം, കാര്‍ഷികം, ഗതാഗതം, വിതരണശൃംഘല തുടങ്ങിയ അടിസ്ഥാന മേഖലക്ക് പ്രധാന്യം നല്‍കിയായിരിക്കും. ഭരണ നിര്‍വഹണത്തിനുവേണ്ടിയായിരിക്കും മറ്റു മൂന്നിന കര്‍മപദ്ധതികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് സാമ്പത്തിക ഉത്തേജന പാക്കേജിന്റെ മൂന്നാംഘട്ട വിവരങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.
കൃഷിയെ ആശ്രയിച്ചാണ് ഇന്ത്യയിലെ ഭൂരിഭാഗം പേരും ജീവിക്കുന്നത്. ആഗോളതലത്തിൽ ഇന്ത്യയെ മുന്നിലെത്തിക്കാൻ കർഷകർ ശ്രമിക്കുന്നുണ്ട്. രാജ്യത്ത് 85 ശതമാനം ചെറുകിട നാമമാത്ര കർഷകരാണുള്ളത്. രണ്ട് വർഷം വിതരണ ശൃംഖലയെ നിലനിർത്തി കാർഷിക മുന്നേറ്റത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പിഎം കിസാന്‍ ഫണ്ട് വഴി 18,700 കോടി കൈമാറിയെന്നും മന്ത്രി പറഞ്ഞു. പിഎം ഫസല്‍ഭീമ യോജന വഴി 6,400 കോടി രൂപ നല്കി. താങ്ങുവില സംഭരണത്തിന് 74,300 കോടി രൂപ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസത്തിലും കർഷകരെ സഹായിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചതാണ്. 74300 കോടിയുടെ വാങ്ങലുകളാണ് ലോക്ക് ഡൗൺ കാലത്ത് താങ്ങുവില അടിസ്ഥാനമാക്കി കേന്ദ്രം നടത്തിയത്. പിഎം കിസാൻ ഫണ്ട് വഴി 18700 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. 6400 കോടി പിഎം ഫസൽ ഭീമ യോജന വഴി നൽകിയെന്നും മന്ത്രി വിശദീകരിച്ചു.
പ്രധാൻമന്ത്രി മത്സ്യബന്ധന യോജന പദ്ധതിയിൽ 20,000 കോടി രൂപ അനുവദിക്കും. ഇത് മത്സ്യകൃഷിക്ക് സഹായമാകും. അടിസ്ഥാന സൗകര്യവികസനം, നൈപുണ്യ വികസനം എന്നിവയ്ക്ക് 11,000 കോടി രൂപ. മത്സ്യമേഖലയിൽ 1 ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം വയ്ക്കുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സംസ്കരണം നടത്തുന്ന മൈക്രോ യൂണിറ്റുകൾക്ക് ധനസഹായം ലഭിക്കും. ഉൽപന്നങ്ങളുടെ ബ്രാൻഡിങ്, സൗകര്യ വികസനം എന്നിവയ്ക്കാണു തുക നൽകുക. ഓരോ സംസ്ഥാനങ്ങളിലും അതാതു സ്ഥലത്തെ പ്രധാന ഉൽപന്നങ്ങളെ ഉൾപ്പെടുത്തി ക്ലസ്റ്റർ രൂപീകരിച്ച് മുന്നോട്ടു പോകാൻ നിർദേശം. ഇതിൽ വനിതാ ക്ലസ്റ്ററുകൾക്ക് ഊന്നൽ നൽകും.
1 ലക്ഷം കോടി വകയിരുത്തുന്നത് ആഗോള തലത്തിൽ പ്രവർത്തിക്കാൻ തയാറെടുക്കുന്ന സ്വകാര്യ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഉത്തേജനമാകും. ഭക്ഷ്യ സംസ്കരണ മേഖലയിൽ 10,000 കോടി രൂപയുടെ സഹായം ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.