കൊച്ചി: ജയസൂര്യ നായകനായ സൂഫിയും സുജാതയും ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. സിനിമാ വ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ഇത്തരത്തിലുള്ള നീക്കം ചതിയാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പുതുമുഖ നിര്‍മ്മാതാവാണ് ഇത്തരത്തിലൊരു കാര്യം ചെയ്തതെങ്കില്‍ മനസിലാക്കാനാകൂം. എന്നാല്‍ വലിയ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവും നടനും നടത്തിയ നീക്കം അംഗീകരിക്കാനാകില്ലെന്നും ലിബര്‍ട്ടി ബഷീര്‍ തുറന്നടിച്ചു. ചിത്രം ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് കൊടുക്കുകയാണെങ്കില്‍ വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
അതേസമയം സിനിമകൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത് തിയേറ്ററുകൾക്ക് വെല്ലുവിളി അല്ലെന്ന് വിജയ് ബാബു അഭിപ്രായപ്പെട്ടു. സിനിമ റിലീസ് ചെയ്യാൻ കൊറോണ കാലം കഴിയുന്നത് വരെ കാത്തിരിക്കാനാവില്ല. നിലനിൽക്കണം എങ്കിൽ ഈ വഴിയേ ഉളളു എന്നും അദ്ദേഹം പറഞ്ഞു. ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും എന്ന ചിത്രം ആമസോൺ പ്രൈമിലൂടെ ജൂണിൽ റിലീസ് ചെയ്യും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇതാണ് തന്റെ തീരുമാനം.
റംസാന് റിലീസ് ചെയ്യാൻ ഇരുന്നതാണ്. അതിന് പറ്റാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ചെറിയ സിനിമകൾ ഓൺലൈൻ റിലീസ് ചെയ്യാൻ കിട്ടിയ അവസരം ഉപയോഗിക്കുകയാണ്. ഈ സമയത്ത് ഇതല്ലാതെ വേറെ വഴിയില്ല. ഇങ്ങനെയല്ലെങ്കിൽ ചിത്രത്തിന്റെ മുടക്കുമുതൽ തിരിച്ചുതരാനാകുമെന്ന് തിയേറ്റർ ഉടമകൾക്ക് വാക്കു തരാൻ പറ്റുമോ. വലിയ ചിത്രങ്ങൾ തിയേറ്ററിൽ കൂടുതൽ ഓടാനും ഈ തീരുമാനം സഹായകമാകുമെന്നും വിജയ് ബാബു പറഞ്ഞു.