കൊറോണ ബാധിച്ചു മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചു: അഞ്ച് വയസ്സുള്ള മകനെ കൊന്നതാണെന്ന് അച്ഛന്റെ വെളിപ്പെടുത്തൽ

അങ്കാറ: തന്റെ 5 വയസ്സുള്ള മകൻ മരിച്ചത് കൊറോണ ബാധിച്ചല്ലെന്നും താൻ കൊലപ്പെടുത്തിയതാണെന്നും വെളിപ്പെടുത്തി തുര്‍ക്കി ക്ലബ് ഫുട്ബോള്‍ താരമായ സെവ്ഹര്‍ ടോക്ടാഷ്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ടോക്ടാഷും മകനൊപ്പം ഐസലേഷനിലായിരുന്നു. ഏപ്രില്‍ 26നാണ് ചുമയും കടുത്ത പനിയുമായി ടോക്ടാഷിന്‍റെ മകൻ കാസിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കാസിം മരിച്ച് 11–ാം ദിവസമാണ് മരണ കാരണം കൊറോണയല്ലെന്നും താനാണ് അവനെ കൊലപ്പെടുത്തിയതെന്നും ഏറ്റുപറഞ്ഞ് ടോക്ടാഷ് രംഗത്തെത്തിയത്. ഇദ്ദേഹത്തെ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തു.
തുർക്കിയിലെ പ്രാദേശിക ലീഗിൽ ബുർസ യിൽഡിരിംസ്പോര്‍ എന്ന ക്ലബിന് വേണ്ടി കളിക്കുന്ന താരമാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസമാണ് ഇയാൾ കൊപാതകത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയ ടോക്ടാഷ് മകനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് പറഞ്ഞു. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ടോക്ടാഷ് സംഭവത്തില്‍ പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്. മകന് അഞ്ചു വയസ്സായെങ്കിലും ഇതുവരെ അവനെ സ്നേഹിക്കാൻ തനിക്കു സാധിച്ചിട്ടില്ലെന്നും ടോക്ടാഷ് പൊലീസിനോട് പറഞ്ഞു. കട്ടിലിൽ പുറം തിരിഞ്ഞ് കിടക്കുകയായിരുന്ന കാസിമിനെ താന്‍ തലയിണയുപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. 15 മിനിറ്റോളം തലയിണ അമർത്തി ശ്വാസം നിലച്ചെന്ന് തോന്നിയപ്പോഴാണ് തലയിണ പിന്‍വലിച്ചത്. അതിന് ശേഷമാണ് ഡോക്ടറെ വിളിച്ചത്. കഴിഞ്ഞ മാസമാണ് ചുമയും കടുത്ത പനിയുമായി മകനെ ആശുപത്രിയിൽ എത്തിച്ചത്. കൊറോണ സംശയിച്ച് ഇരുവരെയും ഉടൻതന്നെ ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. അന്നു വൈകിട്ട് കാസിമിന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് ടോക്ടാഷ് ഡോക്ടർമാരെ റൂമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കാസിമിനെ ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രണ്ടു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ശ്വാസ തടസ്സം ഉൾപ്പെടെ കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടമായിരുന്നതിനാൽ കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചാണ് കാസിമിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്. മകന്‍റെ മരണത്തിന്‍റെ വിവരം ഇദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റായും ഇട്ടിരുന്നു.