മിനിമം ബസ്ചാര്‍ജ് 20 രൂപയാക്കണമെന്നു ബസുടമകൾ

തിരുവനന്തപുരം : ബസ് സര്‍വീസ് പുനരാരംഭിക്കുമ്പോൾ മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്നു ബസുടമകൾ.
കൂടാതെ കിലോമീറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണമെന്നും റോഡ് നികുതിയിലും ഇന്‍ഷൂറന്‍സിലും ഇളവ് വേണമെന്നും ബസുടമകൾ സര്‍ക്കാരിനു മുമ്പില്‍ നിബന്ധനകള്‍ വെച്ചു. ഇതിനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനാവില്ലെന്നും ബസുടമകള്‍ പറയുന്നു.

പൊതുഗതാഗത സൗകര്യം ഘട്ടംഘട്ടമായി പുനസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ജില്ലകൾക്കകത്ത് ബസ് സർവീസ് ആരംഭിക്കാൻ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിൽ സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ നിരക്ക് വര്‍ധന എത്ര ശതമാനമാണെന്ന് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിരുന്നില്ല. അതിനിടയിലാണ് മിനിമം ചാർജ് ഇരട്ടിയായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ബസുടമകൾ രംഗത്ത എത്തിയിരിക്കുന്നത്. ലോക് ഡൗണ് നിയന്ത്രണങ്ങളോടെ സർവ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ്ജ് കൂട്ടുന്നത് എന്നാണ് മന്ത്രി സഭ പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്
ബസ് ചാർജ് കൂട്ടണമെന്നു ബസുടമകളും നേരത്തെ ആവിശ്യം ഉന്നയിച്ചിരുന്നു.

കോറോണയെ തുടർന്ന് മോട്ടോർ വാഹന മേഖലയും പ്രതിസന്ധിയിലാണ്. കെഎസ്ആര്‍ടിസിക്ക് ഇപ്പോൾ സ്പെഷ്യൽ ചാർജാണ് ഈടാക്കുന്നത്. എന്നാൽ നിരക്ക് വർധന ലോക് ഡൗൺ കാലത്തേക്ക് മാത്രമാണെന്നും മന്ത്രി പറഞ്ഞു.