ഇന്ത്യൻ സേനയിൽ ജീവനക്കാരുടെ വിരമിക്കൽ പ്രായം നീട്ടും

ന്യൂഡൽഹി : ഇന്ത്യൻ സായുധസേന ജീവനക്കാരുടെ വിരമിക്കൽ പ്രായം നീട്ടുന്ന കാര്യം ആലോചനയിലെന്ന് പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത്.

സൈനികസേന വിപുലീകരിക്കുന്നതിനും കുറഞ്ഞ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കുന്നതിനുമായി ഉടൻ ഒരു നയം കൊണ്ടുവരുമെന്നും ബിപിൻ റാവത്ത് പറഞ്ഞു. സൈനിക സേനയെ കൂടാതെ കരസേനയിലെയും വ്യോമസേനയിലെയും ഇത്തരത്തിലുള്ള മാറ്റം കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് സായുധ സേനയിലെ 15 ലക്ഷത്തോളം പേർക്കാണ് ഈ നീക്കം പ്രയോജനപ്പെടുന്നത്. എല്ലാവരും ചർച്ച ചെയ്തുകൊണ്ടിരുന്ന സേനയുടെ പരിവർത്തനവും പുനസംഘടനയും കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വർദ്ധിച്ചു വരുന്ന ശമ്പളവും പെൻഷനും ബജറ്റിന്റെ വലിയൊരു ഭാഗം അപഹരിക്കുന്നതിനാൽ മനുഷ്യ വിഭവശേഷിയുടെ ചെലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ജനറൽ റാവത്ത് പറഞ്ഞതിതാണ്: ”ഞാൻ മനുഷ്യ വിഭവശേഷിയുടെ ചെലവുകൾ നോക്കുകയാണ്. എന്തുകൊണ്ടാണ് ഒരു ജവാൻ വെറും പതിനഞ്ചോ പതിനേഴോ വർഷം മാത്രം സേവിച്ചാൽ മതിയെന്നത് തുടരുന്നത്. എന്തുകൊണ്ട് 30 വർഷം സേവിച്ചു കൂടാ. ഇങ്ങനെ ചെയ്യുന്നതിലൂടെ പരിശീലനം ലഭിച്ച മനുഷ്യ വിഭവശേഷിയാണ് നഷ്ടപ്പെടുത്തുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോൾ ഞങ്ങൾ സംയുക്ത വ്യോമ പ്രതിരോധ കമാൻഡുമായി മുന്നോട്ട് പോവുകയാണ്, വ്യോമസേനാ മേധാവി ഇക്കാര്യത്തിൽ ഒരു അവതരണം നൽകിയിട്ടുണ്ട്, ആറുമാസത്തിനുള്ളിൽ കാര്യങ്ങൾ കൃത്യമായി നടക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ കമാൻഡിന് അതിന്റേതായ ഒരു ഉപദേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.