ന്യൂഡല്‍ഹി: നാലാംഘട്ടത്തില്‍ റെഡ്‌സോണുകളില്‍ മാത്രം കര്‍ശന നിയന്ത്രണം നടപ്പാക്കുക എന്നാണ് കേന്ദ്രം ആലോചിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്നത് പിന്‍വലിക്കേണ്ടതില്ലെന്നും മോദി അഭിപ്രായപ്പെട്ടു. ട്രെയിനുകള്‍ ഓടിയാല്‍ മാത്രമേ സാമ്പത്തികരംഗം ചലനാത്മകമാകൂ എന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കട്ടെ എന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.മെയ് 17 ന് ലോക്ക്ഡൗണ്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് മോദിയുടെ ആഹ്വാനം.
ലോക്ക്ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ ജനങ്ങള്‍ തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണക്കെതിരേ വാക്‌സിന്‍ വികസിപ്പിക്കുന്നതുവരെ സാമൂഹ്യ അകലം മാത്രമാണ് സുരക്ഷിത മാര്‍ഗം.
ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലെ നിയന്ത്രണം അതേപടി തുടരേണ്ടതില്ലെന്നാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം. മുതിര്‍ന്ന മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് മോദി ഇക്കാര്യം നിര്‍ദേശിച്ചത്.
കൊറോണക്ക് ശേഷം ലോകത്തിന് അടിസ്ഥാനപരമായി മാറ്റങ്ങളുണ്ടായി എന്നത് നമ്മള്‍ അറിഞ്ഞിരിക്കണം. ലോകമഹായുദ്ധാനന്തരം എന്നതുപോലെ കൊറോണയ്ക്ക് മുമ്പ്, കൊറോണയ്ക്ക് ശേഷം എന്നിങ്ങനെ ലോകം മാറി. നമ്മള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതില്‍ ഇത് മാറ്റം വരുത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ പിന്‍വലിച്ചാലും വാക്‌സിനോ മറ്റ് പ്രതിരോധ മാര്‍ഗങ്ങളോ കണ്ടുപിടിക്കാത്തിടത്തോളം കാലം സാമൂഹ്യ അകലമാണ് ഏക പ്രതിരോധമെന്നും മോദി പറഞ്ഞു.
മെയ് 15 ന് മുമ്പ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് ഓരോ സംസ്ഥാനങ്ങളും വിശദമായി തന്നെ അറിയിക്കണമെന്ന്, മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി നടത്തിയ ആറാമത്തെ യോഗമായിരുന്നു ഇന്നലെ നടന്നത്.