ട്രാക്കിൽ തൊഴിലാളികളുടെ പലായനം; ട്രെയിനുകൾ വേഗത കുറയ്ക്കാൻ റെയിൽവേ നിർദേശം

കൊല്‍ക്കത്ത: റെയില്‍വേ ട്രാക്കുകള്‍ വഴി ഇതര സംസ്ഥാന തൊഴിലാളികൾ പാലയനം ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് ട്രെയിനുകളുടെ വേഗത കുറക്കാൻ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ നിർദേശിച്ചു.
ചരക്കുതീവണ്ടികളും സ്പെഷ്യല്‍ ട്രെയിനുകളും ഉള്‍പ്പെടെയുള്ളവയുടെ വേഗപരിധി മണിക്കൂറില്‍ 40 കിലോ മീറ്ററായിട്ടാണ് കുറയ്ക്കുന്നത്. കൂടാതെ കര്‍ശന ജാഗ്രതയോടെ ട്രെയിനുകള്‍ ഓടിക്കാന്‍ ലോക്കോ പൈലറ്റുമാര്‍ക്ക് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ വീടുകളിലെയ്ക്കുള്ള യാത്രക്കിടെ ക്ഷീണിച്ച് ട്രാക്കിൽ ഉറങ്ങിപ്പോയ 16 കുടിയേറ്റ തൊഴിലാളികളാണ് ചരക്ക് ട്രയിനിടിച്ച് ദാരുണമായി മരിച്ചത്.
റോഡുകളിലൂടെ നടക്കുമ്പോഴുള്ള പൊലീസ് പീഢനം ഒഴിവാക്കാനാണ് ഇവർ റയിൽവേ ട്രാക്ക് വഴി നടന്നത്. ലോക്ഡൗണിനിടെ തീവണ്ടികൾ ഒടില്ലെന്നായിരുന്നു തൊഴിലാളികളുടെ ധാരണ. ഇത്തരത്തിൽ കുടിയേറ്റ തൊഴിലാളികള്‍ ട്രാക്കുകളിലൂടെ നടന്നു നാട്ടിലെത്താൻ ശ്രമിക്കുന്നതിനാലാണ് ട്രെയിനുകളുടെ വേഗത കുറക്കാൻ
നിർദേശിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും ഖരക്പുര്‍ ഭഗ്കര്‍ വിഭാഗം ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 40 കിലോ മീറ്ററായി കുറച്ചിരുന്നു.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്), ഗേറ്റ്മാന്‍, ട്രാക്ക്മാന്‍ എന്നിവരുള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരും കൂടുതൽ ജാഗ്രത പാലിക്കുവാൻ നിർദേശിച്ചിട്ടുണ്ട്.