തിരുവനന്തപുരം: കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസംഘടിത മേഖലയ്ക്ക് പാക്കേജ് വേണമെന്നും കൂടുതല്‍ കിറ്റുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ന്യായമായ മാറ്റങ്ങള്‍ വരുത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. ഓരോ സംസ്ഥാനത്തേയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൊതു ഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.
ലോകം മുഴുവന്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ ഉറ്റുനോക്കുകയാണ്. രാജ്യം നല്ലരീതിയില്‍ പ്രവര്‍ത്തിച്ചതെന്നാണ് എല്ലാവരും പറയുന്നത്. ഐക്യത്തോടെ മുന്നോട്ടുപോകുകയെന്നതാണ് ഇപ്പോഴത്തെ വഴിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗവ്യാപനമേഖലകള്‍ ഏതെന്ന് കണ്ടെത്താനായിട്ടുണ്ട്. ആ മേഖലകള്‍ നോക്കി തന്ത്രമാവിഷ്‌കരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ആലോചനയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.