കുവൈറ്റിൽ മെയ് 10 മുതൽ 30 വരെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

കുവൈറ്റ്: കൊറോണ വ്യാപനം കുവൈറ്റിലെങ്ങും ശക്തമായതോടെ മെയ് 10 മുതല്‍ 30 വരെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. കൊറോണ കേസുകൾ അനുദിനം പെരുകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസ്സാറാം അറിയിച്ചു.

മെയ് 10 വൈകീട്ട് മുതൽ മെയ് 30 വരെയാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കുന്നത്. വൈറസ് വ്യാപനം തടയാൻ അവസാന നടപടിയെന്ന നിലയിലാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ. 160 ഇന്ത്യക്കാർ ഉൾപ്പെടെ 641 പേർക്കാണു ഏറ്റവുമൊടുവിൽ കൊറോണ രോഗ ബാധ സ്ഥിരീകരിച്ചത്.

കുവൈറ്റിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന രോഗബാധാ നിരക്കാണിത്. വൈറസ്‌ ബാധിതരുടെ എണ്ണം 7208 ആയി. ഇവരിൽ 2884 പേർ ഇന്ത്യാക്കാരാണ്. 91 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണ്. 39 പേരുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്‌.