മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ ; എസ്ബിഐ വികെയർ

മുംബൈ : മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് കൂടുതൽ പലിശ നൽകുമെന്ന് എസ്ബിഐ അറിയിച്ചു. ഇതിനായി വികെയർ-എന്നപേരിലാണ് എസ്ബിഐ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സാധാരണ ജനങ്ങളെക്കാൾ മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് കൂടുതൽ പലിശയാണ് ബാങ്കുകൾ നൽകുന്നത്.

പദ്ധതി പ്രകാരം 30 ബേസിസ് പോയന്റിന്റെ അധിക പലിശ നിക്ഷേപകർക്ക് ലഭിക്കും. അങ്ങനെ 0.80ശതമാനം പലിശയാണ് ഇവർക്ക് കൂടുതലായി ലഭിക്കുക
2020 സെപ്റ്റംബർ 30വരെയാണ് ഈ പദ്ധതി കാലാവധി. അതിനുശേഷം ഈ പദ്ധതിയിൽ പുതിയ നിക്ഷേപം സ്വീകരിക്കില്ല. അഞ്ചുവർഷമോ അതിൽകൂടുതലോ കാലാവധിയുള്ള നിക്ഷേപത്തിനാണ് പദ്ധതി പ്രകാരം കൂടുതൽ പലിശ ലഭിക്കുക.

അതേസമയം കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിച്ചാൽ അധികമായി നൽകുന്ന 30 ബേസിസ് പോയന്റിന്റെ വർധന ലഭിക്കില്ല. ഏഴുദിവസംമുതൽ 10 വർഷംവരെയുള്ള സ്ഥിര നിക്ഷേപത്തിന് നാലുശതമാനം മുതൽ 6.20ശതമാനംവരെയാണ് നിലവിൽ
എസ്ബിഐ പലിശ നൽകുന്നത്. മെയ് 10മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക.

പലിശ തുടർച്ചയായി കുറയുന്ന സാഹചര്യത്തിൽ ആദായ നഷ്ടത്തിൽനിന്ന് മുതിർന്ന പൗരന്മാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ് ബി ഐ പുതിയ പദ്ധതിക്ക് തുടക്കമിട്ടത്.