റിയാദ് : പ്രവാസികളുമായി റിയാദില്‍ നിന്നും ആദ്യ വിമാനം പുറപ്പെട്ടു. സൗദിയിൽ നിന്നു ഇന്ത്യക്കാരെ ഈ വിമാനത്തിലാണ് മടക്കി കൊണ്ടുവരുന്നത്. റിയാദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ- 922 വിമാനമാണ് യാത്രതിരിച്ചത്. 148 മുതിര്‍ന്നവരും നാല് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തിലുള്ളത്. ഇന്ന് രാത്രി 8.35ന് വിമാനം കരിപ്പൂരിലെത്തും. അഞ്ചു വിമാന ജീവനക്കാർ മാത്രമാണ് ഉള്ളത്.
യാത്രക്കാര്‍ക്കാര്‍ക്കും കൊറോണ ലക്ഷണങ്ങളില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.വിമാനത്താവളത്തിൽ യാത്രക്കാർക്ക് കൊറോണ തെർമൽ പരിശോധന നടത്തിയ ശേഷമാണ് യാത്രക്ക് അനുവദിച്ചത്. അതേസമയം റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള കൊറോണ പരിശോധനകൾ റിയാദ് യാത്രക്കാരിൽ നടത്തിയിട്ടില്ലെന്നും റിപോർട്ടുകൾ ഉണ്ട്.
ആദ്യ വിമാനത്തിൽ ഉൾപ്പെട്ടവർ ഏറെയും ഗർഭിണികളാണ്. കൂടുതൽ പേരും ആരോഗ്യ മാന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രികളിലെ നഴ്‌സുമാരും തനിച്ച് ജീവിക്കുന്നവരുമാണ് .
ഇവരെ കൂടാതെ പ്രായമായവരും വീസ കാലാവധി കഴിഞ്ഞവരും തിരിച്ചെത്തുന്നവരുടെ കൂട്ടത്തിൽ ഉണ്ട്.
അതേസമയം ബഹ്റൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ത്യന്‍ സമയം വൈകീട്ട് ഏഴു മണിയോടെ യാത്ര തിരിക്കും. യാത്രക്കാരെല്ലാം വിമാനത്താവളത്തില്‍ എത്തി മെഡിക്കല്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം രാത്രി 11.30ന് വിമാനം കൊച്ചിയിൽ എത്തും.