തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ ലോക്ക് ഡൗണിനു ശേഷം തുറന്നാല്‍ മതിയെന്ന് സിപിഎം. മദ്യഷോപ്പുകള്‍ തുറക്കുന്നതില്‍ മെയ് 17 ന് സാഹചര്യം പരിഗണിച്ചശേഷം തീരുമാനമെടുക്കാമെന്ന് സിപിഎം നേതൃയോഗം വിലയിരുത്തി. മദ്യശാലകള്‍ ധൃതിപിടിച്ചു തുറക്കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പിന്തുണ പ്രഖ്യാപിച്ചു.
സാമൂഹിക അകലം പാലിക്കല്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കല്‍ തുടങ്ങിയ മദ്യഷോപ്പുകള്‍ തുറക്കുമ്പോള്‍ നടപ്പിലാക്കുക ദുഷ്‌കരമായിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം മെയ് 13 ന് കള്ളുഷാപ്പുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍, എക്‌സൈസ് കമ്മീഷണര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ കഴിയുന്നതു വരെ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ നിര്‍ദേശം നല്‍കുകയായിരുന്നു.