മ​ദ്യ​ത്തി​ന്‍റെ ഹോം ​ഡെ​ലി​വ​റി​യും ഓ​ണ്‍​ലൈ​ന്‍ വി​ല്‍​പ്പ​ന​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂഡെൽഹി: ഓൺലൈനായി മദ്യം വിൽക്കുന്ന കാര്യം സംസ്ഥാനങ്ങൾ പരിഗണിക്കണമെന്ന് സുപ്രീംകോടതിയുടെ വാക്കാൽ പരാമർശം. വിവിധ സംസ്ഥാനങ്ങളിൽ മദ്യവിൽപ്പന നടത്തുന്നതിനെതിരെ നൽകിയ ഹ‍ർജിയിലായിരുന്നു പരാമർശം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ് കെ കൗൾ, ബി ആർ ഗവായ് എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് വാക്കാൽ പരാമർശം. ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതിനൊപ്പം നിലവിൽ മദ്യശാലകൾക്ക് മുന്നിൽ ആളുകൾ സാമൂഹ്യാകലം പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ അന്തിമ ഉത്തരവ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടില്ല.

വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ മൂന്നാംഘട്ടത്തിൽ സാമൂഹ്യാകലം ഉറപ്പാക്കി മദ്യം വിൽക്കാമെന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ മദ്യശാലകൾ തുറന്നപ്പോൾ ഇതൊന്നും നടപ്പായില്ല. ഡെൽഹിയിലടക്കം മദ്യശാലകൾക്ക് മുന്നിൽ ഉന്തും തള്ളുമായി. പൊലീസും നാട്ടുകാരും തമ്മിൽ സംഘ‍ർഷവുമുണ്ടായി. കേരളം നിലവിൽ മദ്യശാലകൾ തുറക്കേണ്ടെന്ന തീരുമാനത്തിലാണ്. അടുത്തയാഴ്ച മുതൽ കള്ളുഷാപ്പുകൾ മാത്രമാണ് തുറക്കുന്നത്. കൊറോണയെ പിടിച്ചുകെട്ടിയ സാഹചര്യത്തിൽ ഇനി രോഗബാധിതരുടെ എണ്ണം കൂടിയാൽ അത് തിരിച്ചടിയാകുമെന്നുമാണ് സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും വിലയിരുത്തൽ.

ലോക്ഡൗണിനിടയിലെ മദ്യവില്‍പന ജനജീവിതത്തെ ബാധിക്കുമെന്നു കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മദ്യശാലകൾ തുറന്നത് സാധാരണക്കാരുടെ ജീവിതത്തിന്‍റെ ഭാഗമാണെന്ന് കണക്കാക്കാനാകില്ലെന്നും അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ ഇളവുകളിൽ ഉൾപ്പെടുത്തരുതെന്നുമാണ് കോടതിയിൽ ഇന്ന് ഹർജിക്കാർ വാദിച്ചത്.