യുപിയിലെ മദ്യവിൽപ്പന; യോഗീ ആദിത്യനാഥിനെതിരേ ബിജെപി നേതാക്കൾ

ലക്നൗ : ഉത്തർപ്രദേശിലെ മദ്യവിൽപ്പനയെ ചൊല്ലി ബിജെപിയിൽ ഭിന്നത. മദ്യ ശാലകൾ അടയ്ക്കണമെന്ന് ബിജെപി നേതാക്കൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. നേരത്തെ ബിജെപി എംപിമാരായ സത്യദേവ് പച്ചൗരി, സാക്ഷി മഹാരാജ് എന്നിവരും മദ്യശാലകൾ അടച്ചിടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

സംസ്ഥാനത്ത് മദ്യ വിൽപ്പന അനുവദിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാണ് സുരേന്ദ്ര സിംഗ് എംഎൽഎ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വരുമാന ശേഖരണത്തിനായി ജനങ്ങളുടെ ജീവൻ വെച്ച് കളിക്കുന്നത് ശരിയല്ലെന്നും ബീഹാർ സർക്കാർ ചെയ്തതുപോലെ ഉത്തർപ്രദേശിലും മദ്യശാലകൾക്ക് വിലക്ക് പ്രഖ്യാപിക്കണമെന്നും ബിഹാർ സർക്കാരിനെ പ്രശംസിച്ചുകൊണ്ട് സിംഗ് പറഞ്ഞു.

മദ്യവിൽപ്പനയ്ക്കിടെ സാമൂഹിക അകലം പാലിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും കൊറോണ മഹാമാരിക്ക് ശേഷം ലോക് ഡൗൺ പൂർണമായും പിൻവലിച്ചതിനു ശേഷം മാത്രം മദ്യവില്പന ശാലകൾ തുറന്നമതിയെന്നാണ് സിംഗ് ആവശ്യപ്പെട്ടത്. വരുമാന ശേഖരണത്തിനുള്ള മറ്റ് സ്രോതസ്സുകളെക്കുറിച്ച് സംസ്ഥാന സർക്കാർ ചിന്തിക്കണമെന്നും , മദ്യവിൽപ്പന അവയിലൊന്നായിരിക്കരുതെന്നും മദ്യവിൽപ്പന വ്യക്തികളുടെ ആരോഗ്യത്തിന് മാത്രമല്ല സമൂഹത്തിന്റെ ആരോഗ്യത്തിനും അപകടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ സമയത്ത് മദ്യം വിൽക്കുന്നതിനെതിരെ ബിജെപി എംപിമാരായ സത്യദേവ് പച്ചൗരിയും സാക്ഷി മഹാരാജും നേരത്തെ എതിർത്തിരുന്നു. ഇത് മഹാമാരി തടയാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ പറഞ്ഞിരുന്നു.