ഗംഗാജലം കൊറോണയെ പ്രതിരോധിക്കുമോ?; പഠനം നടത്താൻ കേന്ദ്രസർക്കാർ

ന്യൂഡെൽഹി : കൊറോണയെ അകറ്റാൻ ഗംഗാജലത്തിന് പറ്റുമോ എന്നതില്‍ പഠനം വേണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ. ഐസിഎംആറിനോട് കേന്ദ്ര ജല്‍ ശക്തി മന്ത്രാലയമാണ് ആവശ്യം ഉന്നയിച്ചത്. എന്നാൽ ഇതു
സംബന്ധിച്ച് പഠനം നടത്തണമെന്ന കേന്ദ്ര സർക്കാർ ആവശ്യം ഐ.സി.എം.ആർ തള്ളിയെന്നാണ് സൂചന.

അതുല്യഗംഗ എന്ന സംഘടനയാണ് ഗംഗാജലത്തിന്റെ സവിശേഷതകളുയർത്തി കൊറോണ ചികിത്സയ്ക്ക് ഗംഗാജലം ഉപയോഗിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നത്. ഗംഗാ ജലത്തിൽ ബാക്ടീരിയോഫേജ് ഉണ്ടെന്നും അതിനു കൊറോണ വൈറസിനെ കൊല്ലാൻ ശേഷിയുണ്ടെന്നുമാണ് ഇവരുടെ വാദം. അതിനാൽ ഇതിനെ സംബന്ധിച്ചു കൂടുതൽ പഠനങ്ങൾ നടത്തണമെന്ന ആവിശ്യം ഉന്നയിച്ച ഏപ്രിൽ മൂന്നിന് ഇവർ കേന്ദ്ര ജലവകുപ്പിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും സമീപിച്ചിരുന്നു. ഇതുപ്രകാരം ഏപ്രിൽ 30-നാണ് നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ, നമാമി ഗംഗം പ്രോഗ്രാം അധികൃതർ എന്നിവർ ഈ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഐ.സി.എം.ആറിന് കത്തെഴുതിയത്.

ഈ പഠനം നടത്താൻ തയ്യാറാവുന്ന ആശുപത്രികളെക്കുറിച്ചും ഡോക്ടർമാരെക്കുറിച്ചും പറഞ്ഞുതരണമെന്നും, അവർ തയ്യാറായാൽ ഐ.സി.എം.ആർ തീർച്ചയായും സഹായിക്കുമെന്ന് അവരെ അറിയിച്ചതായി ഐ.സി.എം.ആർ വക്താവ് പ്രതികരിച്ചിരുന്നു. എന്നാൽ കൊറോണ പ്രതിസന്ധി നിലനിൽകുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള ഗവേഷണത്തിന് സമയം കളയാൻ ഇല്ലെന്ന് നിലപാടെടുത്തു ഐസിഎംആർ ആവശ്യം തള്ളിയതായും റിപോർട്ടുകൾ പുറത്തു വരുന്നുണ്ട്.