ഹൈദരാബാദ്: വിഷവാതക ചോർച്ചയെ തുടർന്ന് കുട്ടികൾ ഉൾപ്പെടെ എട്ടുപേർ മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത രാസ നിർമാണഫാക്ടറിയിലാണ് വാതക ചോർച്ച ഉണ്ടായത്. ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഫാക്ടറി കഴിഞ്ഞ ദിവസമാണ് തുറന്നത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് വാതകചോർച്ച ഉണ്ടായി തുടങ്ങിയതെന്നാണ് റിപോർട്ടുകൾ.
ആർ.ആർ വെങ്കിടാപുരത്തെ എൽജി പോളിമെർ ഫാക്ടറിയിയിലാണ് വാതക ചോർച്ച ഉണ്ടായത്.
ഫാക്ടറിയുടെ അഞ്ചുകിലോമീറ്റർ പരിധിയിൽ വിഷവാതകം ചോർന്നതായി സൂചനയുണ്ട്. വിഷവാതകം ശ്വസിച്ചു കുട്ടികൾ ഉൾപ്പെടെ എട്ടുപേരാണ് ഇതിനോടകം മരിച്ചത്.
ആളുകൾ വീടിന് പുറത്തിറങ്ങരുതെന്ന് പോലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ഫാക്ടറിക്ക് ചുറ്റുമുള്ള സമീപത്തെ 20 ഗ്രാമങ്ങളെ ഇപ്പോൾ ഒഴിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനോടകം നിരവധിപേർ ബോധരഹിതരാവുകയും 200ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
എന്നാൽ ഫാക്ടറിയുടെ സമീപത്തുള്ള വീടുകളിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഉടൻ തന്നെ ദേശീയ ദുരന്ത നിവാരണ സേന സംഭവസ്ഥലത്ത് എത്തി ഇവരെ രക്ഷപെടുത്തുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം വീടുകളിൽ നിന്ന് പുറത്തിറങ്ങിയവർക്ക് ശ്വാസതടസവും ഛർദ്ദിയും കണ്ണെരിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.