അബുദാബി: ലോകമെമ്പാടും കൊറോണ വൈറസിന്റെ വ്യാപനം രൂക്ഷമായതിനാൽ പ്രായമായവരും കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് യുഎഇ കർശന നിർദേശം നൽകി. കുട്ടികളിലും പ്രായമായവരിലും വൈറസ് ബാധ വേഗത്തിൽ പിടിപെടാനുള്ള സാധ്യതകൾ കണക്കിലെടുത്താണ് ഈ ഉത്തരവ് യു എ ഇ പുറത്തു വിട്ടത്.
60 വയസ്സിന് മുകളിൽ പ്രായമുള്ളവരും, 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളും മാളുകൾ, കോപ്പറേറ്റീവ് സൊസൈറ്റികൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങി പൊതു സ്ഥലത്ത് ഒന്നും ഇറങ്ങരുതെന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ പ്രതിരോധ മന്ത്രാലയവും കൂടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
അതേസമയം മറ്റുള്ളവർക്ക് കർശന നിയന്ത്രങ്ങളോടും മുൻകരുതലോടു കൂടിയും രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാം. മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ചാകണം യാത്രയെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
യു എ ഇ യിൽ ഇതുവരെ 15192 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 146 പേർ വൈറസ് ബാധിച്ചു മരിക്കുകയും ചെയ്തു.