ന്യൂഡല്‍ഹി: യുഎഇ അനുമതി വൈകുന്നതിനാൽ നാവികസേന കപ്പലുകള്‍ വഴിയുള്ള പ്രവാസി ഇന്ത്യാക്കാരുടെ മടങ്ങി വരവ് വൈകും. അനുമതി വൈകുമെന്ന് യുഎഇ അറിയിപ്പ് ലഭിച്ചതായി നാവികസേന അധികൃതര്‍ അറിയിച്ചു. സമുദ്രസേതു എന്നാണ് കപ്പല്‍ മാര്‍ഗം പ്രവാസികളെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് നാവികസേന പേരിട്ടിരിക്കുന്നത്.
വിദേശകാര്യമന്ത്രാലയത്തിനും ഈ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വിമാനങ്ങള്‍ക്കാകും യുഎഇ ഭരണകൂടം ആദ്യം അനുമതി നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. കപ്പൽ അടുപ്പിക്കാന്‍ യുഎഇ സര്‍ക്കാരിന്റെ അനുമതി കിട്ടാത്തതിനാൽ കപ്പലുകള്‍ ഇപ്പോഴും കടലില്‍ തന്നെ തുടരുകയാണ്. അനുമതിക്കായി കാത്തിരിക്കാന്‍ വിദേശകാര്യമന്ത്രാലയം നാവികസേന കപ്പലുകള്‍ക്ക് നിര്‍ദേശം നല്‍കി. തയ്യാറെടുപ്പിന് കൂടുതല്‍ സമയം വേണമെന്ന് യുഎഇ ഭരണകൂടം അറിയിച്ചു.
കപ്പലുകള്‍ വ്യാഴാഴ്ച ദുബായില്‍ എത്തും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പ്. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കപ്പലുകള്‍ ദുബായ് തുറമുഖത്ത് പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇതിനായി കുറച്ചു സമയം കൂടി വേണമെന്നും യു.എ.ഇ സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചതായാണ് സൂചന . ഒരോ കപ്പലിലും മുന്നൂറ് പേരെ വീതം തിരികെയെത്തിക്കാനാവും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കൂകൂട്ടല്‍.
കപ്പലുകള്‍ ഇറാന്‍ തീരത്തേക്ക് വഴി തിരിച്ചു വിട്ടേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി യുഎഇയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി പുറപ്പെട്ടത്.