മറ്റു സറെഡ് സോണുകളിൽ നിന്ന് വരുന്നവർ നിരീക്ഷണത്തിൽ കഴിയണം: കോട്ടയം, കണ്ണൂർ ജില്ലകളിൽ നിന്ന് മറ്റു ജില്ലകളിലേക്ക് പോകുന്നവർക്കും നിർദ്ദേശം ബാധകം
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവരും റെഡ് സോണുകളിൽ നിന്ന് മറ്റു ജില്ലകളിലേക്ക് പോകുന്നവരും നിർബന്ധമായും സർക്കാർ നിർദേശിക്കുന്ന ക്വാറന്‍റീൻ കേന്ദ്രങ്ങളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്കുള്ള ക്വാറന്‍റീൻ നിർദേശങ്ങളിൽ വ്യക്തത വരുത്തിയാണ് സംസ്ഥാന സർക്കാരിന്‍റെ പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. കേരളത്തിൻ്റെ ഉത്തരവിൽ ഏഴ് ദിവസം ക്വാറന്‍റീൻ മതി എന്ന് ആദ്യം പറഞ്ഞത് വലിയ ആശയക്കുഴപ്പത്തിന് വഴി വച്ചിരുന്നു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗരേഖയിൽ റെഡ് സോണിൽ നിന്ന് വരുന്നവർ നിർബന്ധമായും 14 ദിവസം സർക്കാർ കേന്ദ്രങ്ങളിൽ കഴിയണമെന്ന് പ്രത്യേകം പറയുന്നുണ്ട്.
കേരളത്തിനകത്തെ കൊറോണ തീവ്രബാധിത മേഖലകളിൽ നിന്നെത്തുന്നവരും സര്‍ക്കാര്‍ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്.
കോട്ടയം, കണ്ണൂർ ജില്ലകളിൽ നിന്ന് മറ്റു ജില്ലകളിലേക്ക് പോകുന്നവർക്കാണ് നിർദ്ദേശം ബാധകമാവുക.
129 പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറണം എന്നാണ് സർക്കാർ നിർദ്ദേശം. ആന്‍റമാൻ നിക്കോബാര്‍ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കും നിർദ്ദേശം ബാധകമാണ്.
ഗർഭിണികൾ, 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, 14 വയസ്സിന് താഴെയുള്ളവർ എന്നിവർക്ക് മാത്രമാണ് ഇളവുണ്ടാകുക. പക്ഷേ ഇവരെല്ലാം വീട്ടിലെത്തിയാലും റൂം ക്വാറന്‍റീൻ, അഥവാ ഒരു മുറിയിൽ പ്രത്യേകം വസ്ത്രങ്ങളും പാത്രങ്ങളും ഉപയോഗിച്ച് മറ്റ് കുടുംബാംഗങ്ങളുമായി വേറിട്ട് കഴിയണം. ഏത് ജില്ലകളിലേക്കാണോ വന്നത് ആ ജില്ലയിലെ ക്വാറന്‍റീൻ കേന്ദ്രത്തിൽത്തന്നെയാകും ഇവർക്ക് നിരീക്ഷണത്തിനുള്ള ഇടമൊരുക്കുക. അതിർത്തിയിൽ ഇവർ എത്തിയാൽ പരിശോധനകൾക്ക് ശേഷം, ഏത് ക്വാറന്‍റീൻ കേന്ദ്രത്തിലേക്കാണ് പോകേണ്ടതെന്ന കൃത്യം അഡ്രസ്സടക്കം നൽകും.
സംസ്ഥാനത്തേക്ക് പ്രവേശനം അനുവദനീയമായ ആറ് അതിർത്തികളിലേക്ക് പാസ്സുകളില്ലാതെ എത്തുന്ന ആരായാലും അവരെ നിർബന്ധിത ക്വാറന്‍റീനിലാക്കുകയും ചെയ്യും. അതിർത്തി കടന്ന് പോയ റെഡ് സോണിൽ നിന്ന് വന്ന എല്ലാവരും അതാത് ജില്ലകളിലെ ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് തന്നെ നേരിട്ടെത്തി എന്ന് ഉറപ്പാക്കേണ്ടത് അതാത് ഇടങ്ങളിലെ തദ്ദേശഭരണസ്ഥാപനങ്ങളും പൊലീസും ചേർന്നാണ്.
ഇവരെല്ലാം ആ വിവരങ്ങൾ തത്സമയം ഇ-ജാഗ്രത ഡാറ്റാബേസിലേക്ക് നൽകുകയും വേണം. ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് പോകാതെ കടന്നുകളഞ്ഞാൽ ആ വ്യക്തിക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പൊലീസിനാകും.