ന്യൂഡെൽഹി: കൊറോണ ഭീതിക്കിടയിലും ഇന്ത്യയിൽ ഏഴു സംസ്ഥാനങ്ങളിൽ ഇന്നു മുതൽ വീണ്ടും മദ്യ കച്ചവടം. കേന്ദ്രം നിർദേശിച്ച ഇളവ് പ്രയോജനപ്പെടുത്തിയാണ് ഇന്നുമുതൽ മദ്യവിൽപന. കൊറോണ വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലാണ് കച്ചവടം വീണ്ടും തുടങ്ങുന്നത്. ഡൽഹി, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ഗോവ, അസം എന്നിവിടങ്ങളിലാണ് ഇന്ന് മദ്യ വിൽപ്പന തുടങ്ങുന്നത്. ഗോവയിലും അസമിലും കൊറോണ ഭീതിയില്ലെന്നത് മറയാക്കിയാൽ വീണ്ടും ദുരന്തത്തിലേക്ക് വഴിതെളിക്കുമെന്ന് വിമർശനമുണ്ട്.
രാജ്യത്താകെയുള്ള 70,000 മദ്യവിൽപന കേന്ദ്രങ്ങളിൽ പകുതിയിലേറെയും ഇന്നു തുറക്കുമെന്നാണു വിവരം.
മദ്യവിൽപന അനുവദിക്കണമെന്ന ആവശ്യവുമായി പഞ്ചാബ്, കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങൾ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഡെൽഹിയും മറ്റും സമ്മർദം ചെലുത്തിയതോടെ ഇളവു റെഡ് സോണിലേക്കും നീട്ടുകയായിരുന്നു.
അതിനിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിലൂടെ മദ്യവിൽപ്പനയിലൂടെ മാത്രം കേന്ദ്രസർക്കാരിനു നികുതി വരുമാനത്തിലുണ്ടായ കുറവ് 27,000 കോടിയിലേറെ രൂപയെന്ന് കണക്കുകൾ. മദ്യവിൽപനയുടെ എക്സൈസ് നികുതി ഇനത്തിൽ കഴിഞ്ഞ വർഷം കേന്ദ്രത്തിനു ലഭിച്ചതു 2.48 ലക്ഷം കോടി രൂപയാണെന്നു മദ്യക്കമ്പനികളുടെ കൂട്ടായ്മയായ ഇന്റർനാഷനൽ സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ഐഎസ്ഡബ്യുഎഐ) കണക്കുകൾ പറയുന്നു.
ലോക്ഡൗൺ കാലത്തെ മദ്യവിൽപന നിർത്തിയതിലൂടെ കർണാടകയ്ക്കുണ്ടായ നഷ്ടം 2050 കോടി രൂപ; പ്രതിദിനം 50 കോടി രൂപ. തമിഴ്നാടിനു പ്രതിദിന നഷ്ടം 90 കോടി രൂപ. വർഷം 5000 കോടി രൂപ വരുമാനം ലഭിച്ചിരുന്ന ഡൽഹി സർക്കാരിനു ലോക്ഡൗൺ കാലത്ത് 500 കോടി രൂപയുടെ നഷ്ടമുണ്ടായി. രാജ്യത്തെ മദ്യവിൽപനയുടെ 70 ശതമാനവും ഔട്‌ലെറ്റുകളിലൂടെയാണ്. ബാക്കിയുള്ളത് ബാർ, പബ്, ഹോട്ടൽ, റസ്റ്ററന്റ് വഴിയും.