അന്യസംസ്ഥാന മലയാളികളെ തിരിച്ചെത്തിക്കുന്നതിൽ സർക്കാർ വീഴ്ച ഗുരുതരം: ചെന്നിത്തല

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്നതിൽ കേരളം ഗുരുതര വീഴ്ച കാണിക്കുന്നുയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് എത്തിക്കാൻ ആരംഭിച്ചിട്ടുള്ള സ്പെഷ്യൽ ട്രെയിനുകൾ കാലിയായാണ് തിരിച്ചെത്തുന്നത്. എന്നാൽ അയൽ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ ഈ ട്രെയിനുകളിൽ തിരികെ കൊണ്ടുവരാവുന്നതാണ്. ഇതിനായി നേരത്തേ റെയിൽവേ ബോർഡുമായി ബന്ധപ്പെടേണ്ടതായിരുന്നു. എന്നാൽ കേരള സർക്കാർ അതിനു ശ്രമിച്ചില്ലായെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സ്പെഷ്യൽ ട്രെയിനുകൾക്കു വേണ്ടി കേരള സർക്കാർ അടിയന്തിരമായി കേന്ദ്രത്തിനോട് അഭ്യർത്ഥിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സ്വകാര്യ വാഹനങ്ങളോ കാറുകൾ വാടകയ്ക്കെടുത്തോ വരാനുള്ള സാമ്പത്തികം ഉണ്ടാകില്ല. ഇത്തരക്കാർക്കു വേണ്ടി പ്രത്യേകം നോൺ സ്റ്റോപ്പ് ട്രെയിൻ സർവ്വീസുകൾ ആരംഭിക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ നിന്നും വാങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

നാട്ടിലേക്ക് മടങ്ങിവരുന്നവർ പാലിക്കേണ്ട നടപടിക്രമങ്ങൾ അടങ്ങിയ സർക്കുലറിൽ അപ്രായോഗികമായ നിർദ്ദേശങ്ങളാണ് ചീഫ് സെക്രട്ടറി പറഞ്ഞിരിക്കുന്നത്. ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകുന്നതിന് കളക്ടറുടെ ഉത്തരവ് വാങ്ങുക എന്നൊക്കെ പറയുന്നത് അപ്രായോഗിക നടപടി ക്രമങ്ങൾ ആണെന്നും രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി.

ചെക്ക് പോസ്റ്റുകളിൽ എത്തിക്കഴിഞ്ഞാൽ അവിടെ വരെ വന്ന വാഹനം വിട്ട് മറ്റൊരു വാഹനത്തിൽ വീട്ടിലേക്ക് പോകണം എന്നും സർക്കുലറിൽ പറയുന്നുണ്ട്, എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങളിൽ പ്രായോഗികമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുകൊണ്ട് സർക്കാർ അടിയന്തരമായി സർക്കുലർ പരിഷ്കരിക്കുന്നതിൽ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

‘അയൽസംസ്ഥാനങ്ങളിലും ദില്ലി, മുംബൈ പോലുള്ള ദൂരസംസ്ഥാനങ്ങളിലും കുടുങ്ങിയവർക്ക് വേണ്ടി പ്രത്യേക ട്രെയിൻ സർവീസ് വേണമെന്നും ചെന്നൈ, ബംഗളുരു, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി ബസ്സുകളയക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് സംബന്ധിച്ചും സർക്കാരിനെതിരെ ചെന്നിത്തല വിമർശനമുയർത്തുന്നു. ധൂർത്തിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. കിഫ്ബിയിൽ മുഴുവൻ അഴിമതിയും ധൂർത്തുമാണ്. മുപ്പതിനായിരം രൂപ ദിവസവേതനത്തിലടക്കം കിഫ്ബിയിൽ നിയമനം നടന്നിട്ടുണ്ട്. ഹെലികോപ്റ്റർ വാങ്ങിയത് മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ഒരു മാസമായി ഹെലികോപ്റ്റർ തിരുവനന്തപുരത്ത് വെറുതെ കിടക്കുകയാണ്. ഉപയോഗിക്കാതെ ഒരു കോടി 70 ലക്ഷം രൂപ വെറുതെ കൊടുക്കേണ്ട സാഹചര്യമല്ലേ ഇത്? എന്ന് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ഓഫീസിൽ മാത്രം 58 പൊലീസുകാരുണ്ട്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ ഒമ്പത് പേർ. ഉപദേശകർക്ക് ശമ്പളം ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണ്.

നാം മുന്നോട്ട് എന്ന പരിപാടി മൻ കീ ബാത്തിന്‍റെ ദൃശ്യാവിഷ്കാരം പോലെയാണ്. പ്രതിപക്ഷത്തെ വിമർശിക്കാനാണ് നാം മുന്നോട്ട് ഉപയോഗിക്കുന്നത്. ഇതിന് മുമ്പ് ഒരു സർക്കാരും ഇത് ചെയ്തിട്ടില്ല. വിഎസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്റെ ഒരു ശുപാർശ പോലും സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു കമ്മീഷൻ? പാർട്ടി താത്പര്യങ്ങൾ സംരക്ഷിക്കാൻ ഖജനാവിലെ പണം ചെലവിടുകയാണ് സർക്കാരെന്നും ചെന്നിത്തല ആരോപിച്ചു.

ജില്ലകളിൽ നിന്ന് ജില്ലകളിലേക്കുള്ള യാത്രയിലും ആശയക്കുഴപ്പമുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു. എല്ലാവ‍ർക്കും ജില്ലാ കളക്ടർമാരുടെ അനുമതി വാങ്ങി യാത്ര പോകാനാകില്ല. ജില്ലകൾക്കിടയിലുള്ള യാത്രയിൽ കൂടുതൽ ഇളവുകൾ വേണം. ഇത്തരത്തിൽ ഒരു തയ്യാറെടുപ്പുകളും സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ചെന്നിത്തല ആരോപിക്കുന്നു. നിലവിൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ സോണുകൾ സംബന്ധിച്ചും സർവത്ര ആശയക്കുഴപ്പമാണ് ചെന്നിത്തല പറഞ്ഞു.