തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കടകംപള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അഡ്വ.എം. മുനീര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ഏപ്രില്‍ 27ന് പോത്തന്‍കോട് സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചതായാണ് പരാതി. ഇക്കാര്യത്തിൽ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയാറായില്ലെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. പോത്തൻകോട് സ്കൂളിൽ നടന്ന ചടങ്ങിൽ പത്തു വയസിൽ താഴെയുള്ള പത്തു കുട്ടികൾക്ക് ധനസഹായം വിതരണം ചെയ്തത് കുട്ടികൾ പുറത്തിറങ്ങരുതെന്ന ലോക്ക് ഡൗൺ ചട്ടത്തിൻ്റെ ലംഘനമാണെന്ന് ഹർജിക്കാരൻ പറയുന്നു.
ചടങ്ങിൽ അൻപതിലേറെ പങ്കെടുത്തതായി ആക്ഷേപമുണ്ടായിരുന്നു.
ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ച കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നതിനിടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി. ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ചെന്നാരോപിച്ച് ആറ്റിങ്ങൽ എംപി അടൂർ പ്രകാശടക്കം ചില കോൺഗ്രസ് നേതാക്കൾക്കെതിരെ നേരത്തേ കേസെടുത്തിരുന്നു.