പ്രചാരണത്തിന് മതവിദ്വേഷം തുപ്പി; അർണബിനെതിരേ മുംബൈയിൽ കേസ്

മുംബൈ: മതവികാരം വ്രണപ്പെടുത്തിയെന്ന് പേരിൽ റിപ്പബ്ലിക്ക് ടി വി മേധാവി അർണബ് ഗോസ്വാമിക്കെതിരെ
എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുംബൈയിലെ പിഡോണി പൊലീസ് സ്റ്റേഷനിൽ റാസ എജ്യുക്കേഷൻ വെൽഫെയർ സൊസൈറ്റി സെക്രട്ടറി ഇര്‍ഫാന്‍ അബൂബക്കര്‍ ഷെയ്ക് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഏപ്രിൽ 14ന് ലോക്ക് ഡൗൺ നീട്ടിയതിനു ശേഷം ട്രെയിനുകള്‍ ഓടി തുടങ്ങിയെന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന്
ബാന്ദ്ര റെയില്‍വേ സ്റ്റേഷന് പുറത്ത് ആയിരങ്ങള്‍ ആളുകള്‍ കൂട്ടമായെത്തിയിരുന്നു.
മുസ്‌ലിം പള്ളിക്ക് സമീപത്താണ് ആളുകൾ ഒത്തുകൂടിയത് എന്നാൽ ആരാണ് ആളുകളെ കൊണ്ടുവരുന്നതെന്നും മുസ്‌ലിം പള്ളികള്‍ക്ക് സമീപം മാത്രം എന്തുകൊണ്ടാണ് ആള്‍ക്കൂട്ടം ലോക്ഡൗണ്‍ ലംഘിക്കുന്നതെന്നായിരുന്നു അര്‍ണബിന്റെ ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍.

ബാന്ദ്രയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ഒത്തുകൂടിയതും മുസ്‌ലിം പള്ളിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നിരിക്കെ ആവര്‍ത്തിച്ച് ഇത്തരം കാര്യങ്ങള്‍ പറയുന്നത് വിദ്വേഷ പ്രചരണത്തിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് അര്‍ണബിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 153 A, 295 A, 505(2), 511, 120(B) എന്നീ വകുപ്പുകളാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്നത്. അർണബിനെ കൂടാതെ റിപ്പബ്ലിക് ടിവി ചാനലിലെ രണ്ട് പേർക്കെതിരെ കൂടി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.