കേന്ദ്ര ധനസഹായം 500 ₹ ; വനിതകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക്

ന്യൂഡെൽഹി : കൊറോണയുടെ പശ്ചാത്തലത്തില്‍ വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ നൽകുന്ന ധന സഹായത്തിന്റെ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു.
500 രൂപ വീതം അടുത്ത മൂന്നു മാസത്തേക്കാണ് നൽകുന്നത്.
രാജ്യത്തെ എല്ലാവരേയും ഔപചാരിക ബാങ്കിങ് സേവനങ്ങള്‍ക്കു കീഴില്‍ എത്തിക്കാനായി കേന്ദ്രം അവതരിപ്പിച്ച സീറോ ബാലന്‍സ് അക്കൗണ്ടുകളാണ് ജന്‍ധന്‍ അക്കൗണ്ടുകള്‍. ഇതുവഴി രാജ്യത്തെ 20 കോടി വനിതകള്‍ക്കാവും ഇതിന്റെ ഗുണം ലഭിക്കുക എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി അക്കൗണ്ട് നമ്പർ അടിസ്ഥാനത്തിലാണ് ബാങ്കുകളിൽ നിന്ന് പണംനൽകുന്നത്.
പൂജ്യം, ഒന്ന് അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് തിങ്കളാഴ്ചയും അഞ്ചിന് 2, 3. ആറിന് 4, 5. എട്ടിന് 6, 7. 11-ന് 8, 9 എന്നിങ്ങനെയായിരിക്കും പണം വിതരണം ചെയ്യുക.

അതേസമയം ബാങ്കുകളിലെത്തി പണം പിൻ വലിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് എസ്ബിഐ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി എല്ലാ ബാങ്കിന്റെ എടിഎമ്മുകളുടെ സേവനവും ഉപയോഗപ്പെടുത്താവുന്നതാണെന്നും അധിക ചാർജ് ഈടാക്കില്ലെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.
സാമൂഹിക അകലം പാലിച്ചായിരിക്കും ബാങ്കുകളിൽ പണം വിതരണം ചെയ്യുക. ഉടൻ പിൻവലിച്ചില്ലെങ്കിലും അക്കൗണ്ടുകളിൽ പണം സുരക്ഷിതമായിരിക്കും.