ന്യൂഡെല്‍ഹി: ഉന്നത ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതോടെ ഡെൽഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു. അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ലോധി റോഡിൽ സ്ഥിതി ചെയ്യുന്ന സിആർപിഎഫ് ആസ്ഥാനത്തേക്ക് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആർക്കും പ്രവേശനമില്ലെന്നും ആസ്ഥാനം അടച്ചിടുകയാണെന്നും സിആര്‍പിഎഫ് അറിയിച്ചു.
കൊറോണ ബാധിച്ചതിനെത്തുടർന്ന് അടച്ചിടുന്ന തലസ്ഥാനത്തെ രണ്ടാമത്തെ തന്ത്രപ്രധാനമായ കെട്ടിടമാണിത്.
ആയിരത്തിലധികം ജവാൻമാർ ജോലി ചെയ്യുന്ന സിംഗിൾ ബറ്റാലിയനാണ് മയൂർ വിഹാർ ഫേസ് 3-ലെ ഈ ക്യാമ്പ്. ഇവിടെ കൂട്ടത്തോടെയുണ്ടായ രോഗബാധയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ആശങ്കയുണ്ട്.
കഴിഞ്ഞ ദിവസം കിഴക്കന്‍ ഡല്‍ഹിയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ 68 ജവാന്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. മയൂർവിഹാർ ഫേസ് 3-യിൽ ഉള്ള സിആർപിഎഫിന്‍റെ 31-ാം ബറ്റാലിയനിൽ 122 ജവാൻമാർക്കാണ് ഇതോടെ രോഗം ബാധിച്ചത്. ഇവിടെത്തന്നെയുള്ള 100 പേരുടെ കൂടി പരിശോധനാ ഫലം വരാനിരിക്കുകയാണ്.
രാജ്യത്ത് ഒട്ടാകെ 127 സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് ജീവന്‍ നഷ്ടമായതായും കഴിഞ്ഞ ദിവസം സിആര്‍പിഎഫ് വ്യക്തമാക്കിയിരുന്നു.രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് ഡെൽഹി