അദ്ധ്യാപികമാരെ വേട്ടയാടുന്നവര്‍ക്കെതിരെ നടപടി വേണം: ലതികാ സുഭാഷ്

തിരുവനന്തപുരം : സാലറിചലഞ്ച് സംബന്ധിച്ച സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കെതിരെ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധ സമരം നടത്തിയ അദ്ധ്യാപികമാരെ സൈബര്‍ലോകത്തും പുറത്തും വ്യക്തിഹത്യ നടത്തി ആക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സംസ്ഥാന മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡൻറ് ലതികാ സുഭാഷ് ആവശ്യപ്പെട്ടു.

സമരത്തിന്‍റെ പേരില്‍ കേരളത്തിലെ കെപിഎസ്ടിഎ പ്രവര്‍ത്തകരായ അദ്ധ്യാപക സമൂഹം നേരിടുന്ന സൈബര്‍ ആക്രമണത്തിനെതിരെ നടപടിയെടുക്കുന്നതിന് പകരം അവരെ വീണ്ടും വീണ്ടും നോവിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കെപിഎസ്ടിഎ വൈസ്പ്രസിഡന്‍റും മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഷാഹിദാ റഹ് മാനെതിരെ നീചമായ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സൈബര്‍ ലോകത്ത് മാത്രമല്ല ഗ്രാമങ്ങളിലേക്കുംകടന്ന് വന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ അദ്ധ്യാപക സംഘടനാ നേതാക്കന്മാരേയും കുടുംബാംഗങ്ങളേയും വനിതാ പ്രവര്‍ത്തകരേയും സ്ക്കൂളുകളില്‍ ബാനറുകളും മറ്റും പ്രദര്‍ശിപ്പിച്ച് ആക്ഷേപിക്കുന്നതിനെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ സുധാകുര്യന്‍, രാജലക്ഷ്മി ടീച്ചര്‍, ആശാസനല്‍ , അഡ്വ. യു. വഹീദ, ലീലമ്മജോസ് , ഷാഹിദ റഹ്മാന്‍ കുഞ്ഞുമോള്‍രാജു, ബീനാസ്ക്കറിയ, ശ്രീദേവി, ഷീബാ രാമചന്ദ്രന്‍, അനിത, ബിന്ദു ചന്ദ്രന്‍, അജിത, ജയശ്രീ, സോയ ജോസഫ്, ജില്ലാ പ്രസിഡന്‍റ് മാരായ ലക്ഷ്മി, ശാന്തമ്മഫിലിപ്പ്, ചിന്നമ്മജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.