തിരുവനന്തപുരം: ബസുകളില്‍ പകുതി യാത്രക്കാരുമായി സര്‍വീസ് നടത്തുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നതിനാല്‍ പൊതുഗതാഗത ഉടൻ ആരംഭിക്കേണ്ടെന്ന് തീരുമാനം. സ്വകാര്യബസ് ഉടമകള്‍ എതിര്ക്കുമെന്നതിനാലും കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ നഷ്ടം ഉണ്ടാക്കുമെന്നതിനാലുമാണ് സർക്കാർ ഈ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.
ഗ്രീന്‍ സോണില്‍ പൊതുഗതാഗതം ആകാമെന്ന് കേന്ദ്രനിര്‍ദേശമുണ്ടെങ്കിലും സംസ്ഥാനത്ത് ഒരു സോണിലും ബസ് സര്‍വീസ് വേണ്ടെന്നാണ് തീരുമാനം. ലോക്ഡൗണില്‍ കുരുങ്ങി ഒന്നരമാസത്തിലേറെയായി കെഎസ്ആര്‍ടിസി ബസ്സുകള്‍ നിരത്തിലിറങ്ങുന്നില്ല. ലോക്ക് ഡൗണിന് ഇളവ് അനുവദിച്ചാലും സാമൂഹിക അകലം പാലിക്കാനുള്ള നിബന്ധനകൾ ഉറപ്പാക്കി വേണം സര്‍വ്വീസ് നടത്താൻ. അങ്ങനെ എങ്കിൽ ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലിയില്‍ സര്‍വ്വീസ് നടത്തിയാല്‍ കിലോമീറ്ററിന് വലിയ നഷ്ടം വരുമെന്നാണ് കെഎസ്ആര്‍സിയുടെ വിലയിരുത്തല്‍.
സംസ്ഥാനത്ത് ഉടൻ ബാര്‍ബര്‍ ഷോപ്പുകളും തുറക്കില്ല. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് തല്ക്കാലം ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് തീരുമാനം.
സംസ്ഥാനത്ത് വയാനാടിനും എറണാകുളത്തിനും പിന്നാലെ ആലപ്പുഴയും തൃശൂരും ഗ്രീന്‍ സോണിലായേക്കും. രണ്ട് ജില്ലകളിലും കഴിഞ്ഞ 21 ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ കൊറോണ രോഗികള്‍ ചികിത്സയിലുമില്ല. കേന്ദ്രമാര്‍ഗനിര്‍ദേശപ്രകാരം ഈ ജില്ലകള്‍ ഗ്രീന്‍ സോണ്‍ ആവേണ്ടതാണ്. എന്നാല്‍ കേന്ദ്രം ഇതുവരെ ഇവയെ ഗ്രീന്‍ സോണില്‍ പെടുത്തിയിട്ടില്ല. കേന്ദ്രവുമായി കൂടിയാലോചിച്ച് ഈ രണ്ട് ജില്ലകളേയും ഗ്രീന്‍ സോണാക്കി പ്രഖ്യാപിച്ചേക്കും.