ന്യൂഡെൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ താമസിക്കുന്ന ഏല്ലാവർക്കും കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു അപ്ലിക്കേഷൻ നിർബന്ധമാക്കി. റെഡ് സോണിൽ ഉൾപ്പെട്ട 130 ജില്ലകളിലെ ഹോട്ട്സ്പോട്ട് ആയി കണക്കായിരിക്കുന്ന പ്രദേശങ്ങളിലെ ആളുകൾ അപ്ലിക്കേഷൻ നിർബന്ധമായും ഉപയോഗിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം.
കൊറോണ വൈറസ് വ്യാപനം കണ്ടെത്തുന്നതിനു വേണ്ടിയാണു കേന്ദ്ര സർക്കാർ അപ്ലിക്കേഷൻ പുറത്തിറക്കിയത്. സ്മാർട്ഫോണിന്റെ ലൊക്കേഷനും ബ്ലൂടൂത്ത് ഡാറ്റയും ഉപയോഗിച്ചാണ് ആപ്പിന്റെ പ്രവർത്തനം.
ഒരു സ്മാര്‍ട്ട് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ സമീപത്തുള്ള മറ്റ് ഉപയോക്താക്കളെ കൂടി ആപ്പ് കണ്ടെത്തുന്നു. ഇത്തരത്തില്‍ കണ്ടെത്തുന്ന ഏതെങ്കിലും ഉപയോക്താക്കള്‍ കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ ആപ്പ് മുന്നറിയിപ്പ് നല്‍കും. കൊറോണ വൈറസിന്റെ വ്യാപന സാധ്യതകൾ വിലയിരുത്തുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ ഐസലേഷന്‍ ഉള്‍പ്പടേയുള്ള നടപടികള്‍ ഉറപ്പാക്കുന്നതിനും ആപ്ലിക്കേഷന്‍ സര്‍ക്കാറിനെ സഹായിക്കും. അതിനാൽ സംശയാസ്പദമായ കേസുകളിൽ ആവശ്യമെങ്കിൽ ക്വാറന്റൈനിലേക്ക് മാറ്റാൻ അടക്കമുള്ള നടപടികൾ അതിവേഗം ഏർപ്പെടുത്താൻ സാധിക്കുന്നു. കൂടാതെ കേന്ദ്രസർക്കാരിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കും.
ഹോട്ട്സ്പോട് പ്രദേശത്തെ താമസിക്കുന്ന എല്ലാവർക്കും പ്രാദേശിക ഭരണകൂടം ആരോഗ്യ സേതു ആപ്ലിക്കേഷൻ 100 ശതമാനം ഉറപ്പുവരുത്തുമെന്നും കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
നേരത്തെ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമായും ഉപയോഗിക്കണമെന്നും കേന്ദ്രം നിർദേശിച്ചിരുന്നു.