ന്യൂഡെൽഹി: സുപ്രധാന കേസുകളിൽ സുപ്രീം കോടതി കാലതാമസം വരുത്തുകയും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നുമില്ലെന്നും വിമർശിച്ച് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദൻ ലോകുർ.
കൊറോണ കാലത്ത് സുപ്രീം കോടതിയുടെ നിലപാടുകൾ നിരാശാജനകമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുപ്രീം കോടതി അടുത്തിടെ എടുത്ത തീരുമാനങ്ങളെ വിമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റ തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള ഹർജി തീർപ്പാക്കാൻ കോടതി
മൂന്ന് ആഴ്ച സമയമാണ് എടുത്തത്. കുടിയേറ്റ തൊഴിലാളികളെ കോടതി നിരാശരാക്കിയെന്നും തൊഴിലാളികളെ സഹായിക്കുന്നതിന് അനുയോജ്യമെന്ന് തോന്നുന്ന നടപടികൾ കൈക്കൊള്ളുക” എന്ന നിലപാടാണ് കോടതി എടുത്തതെന്നും ഇദ്ദേഹം വിമർശിച്ചു. മൗലികാവകാശങ്ങൾ അത്ര പ്രധാനമല്ലെന്ന പറഞ്ഞത് ജസ്റ്റിസ്
ബോബ്ഡെയുടെ തെറ്റായ കാഴ്ച്ചപ്പാടാണെന്നും ലോകുർ കുറ്റപ്പെടുത്തി.
ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് ചിന്തിക്കേണ്ട സമയമല്ല ഇതെന്ന് നിങ്ങൾക്ക് പറയാൻ ആകില്ലെന്നും അടിയന്താരാവസ്ഥ കാലത്ത് നിങ്ങളത് മറന്നില്ലെങ്കിൽ ഇന്നും നിങ്ങളത് മറക്കേണ്ടതില്ലെന്നുമാണ് ലോകുർ ഇതിനെതിരെ പ്രതികരിച്ചത്.
കൂടാതെ മാധ്യമപ്രവർത്തകനായ അർണബ് ഗോസ്വാമിയുടെ ഹർജി 15 മണിക്കൂറിനുള്ളിൽ കേൾക്കുകയും ചെയ്ത കോടതിയുടെ നടപടിയെയും ലോകുർ വിമർശിച്ചു. അടിയന്തിര പ്രാധാന്യമില്ലാത്ത കേസായിട്ടും സുപ്രീം കോടതി ഈ ഹർജി പരിഗണിച്ചത് തെറ്റായിപ്പോയെന്ന് ലോകുർ പറഞ്ഞു. കുടിയേറ്റക്കാരുടെ ദുരവസ്ഥയെയും ദരിദ്രരുടെ അവസ്ഥയെയും ഇതുമായി താരതമ്യം ചെയ്താൽ തികച്ചും പ്രാധാന്യം അർഹിക്കാത്ത കേസാണ് മാധ്യമപ്രവർത്തകനെ സംബന്ധിച്ചുള്ളത്. അതീവ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങൾക്ക് മുൻതുക്കം നൽകാതെ പ്രാധാന്യം ഇല്ലാത്ത വിഷയങ്ങളിൽ ആണ് കോടതി വേഗത്തിൽ ഇടപെടുന്നത്. ഈ പ്രവണത ശെരിയല്ലെന്നും ലോകുർ പറഞ്ഞു.
പല ഹേബിയസ് കോർപസ് പെറ്റീഷനുകൾ കോടതി കേൾക്കാനെടുക്കുന്ന കാലതാമസത്തെയും അദ്ദേഹം വിമർശിച്ചു. സ്വയം ആത്മപരിശോധന നടത്തി നല്ല രീതിയിൽ പ്രവർത്തിക്കാനുള്ള കഴിവ് സുപ്രീം കോടതിക്ക് ഉണ്ടാകണമെന്നും ലോകുർ പറഞ്ഞു.