ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

മുംബൈ: ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു. 67 വയസ്സായിരുന്നു. ശ്വാസതടസ​ സംബന്ധമായ അസുഖങ്ങളെ തുടർന്ന്​ ബുധനാഴ്​ച രാത്രി ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. 2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യു. എസിൽ അർബുദ ചികിത്സ തേടിയിരുന്നു. ഇക്കഴിഞ്ഞ സെപ്​തംബറിലാണ് അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തിയത്.

ഫെബ്രുവരിയിൽ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിൽ ഒരു കുടുംബചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടർന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിലാക്കിയത്. മുംബൈയിൽ മടങ്ങിയെത്തിയതിനു പിന്നാലെ വൈറൽ പനി ബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

നെറ്റ്ഫ്ലിക്സിൽ ‘ദ് ബോഡി’ എന്ന വെബ് സീരീസിലാണ് ഇമ്രാൻ ഹാഷ്​മിക്കൊപ്പം ഋഷി കപൂർ അവസാനമായി അഭിനയിച്ചത്. ‘ദ് ഇന്റേൺ’ എന്ന ഹോളിവുഡ് ചിത്രത്തിൻെറ റീമേക്കിൽ ദീപിക പദുക്കോണിനൊപ്പം അഭിനയിക്കാനൊരുങ്ങുകയാണെന്ന് വാർത്ത ഉണ്ടായിരുന്നു.

ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം 1970 ലെ മേരനാം ജോക്കർ ആണ്. അതിനു ശേഷം 100 ലധികം ചിത്രങ്ങളിൽ ഋഷി കപൂർ അഭിനയിച്ചു. 2004 നു ശേഷം ൽ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ദോ ഡൂനി ചാറിലെ അഭിനയത്തിന് 2011 ൽ മികച്ച നടനുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡും കപൂർ ആന്റ് സൺസിലെ അഭിനയത്തിന് 2017 ൽ മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും നേടി.

ബോളിവുഡ് താരം രൺബീർ കപൂർ ഇദ്ദേഹത്തിന്റെ മകൻ ആണ്