വാഷിംഗ്ടണ്‍ : കൊറോണ വ്യാപനം നിർ ബാധം തുടരുന്ന പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചിരുന്നു. ലോകരാഷ്ട്രങ്ങൾ എല്ലാം ഈ ആഹ്വാനം ഏറ്റെടുക്കുകയും ചെയ്തു.
എന്നാൽ, അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഈ നിർദേശങ്ങൾ കാറ്റിൽ പറത്തി. മിനിസോട്ടയിലെ മായോ ക്ലിനിക്കിൽ ചികിത്സയിൽ കഴിയുന്ന കൊറോണ രോഗികളെ സന്ദർശിക്കാനെത്തിയപ്പോഴാണ് അദ്ദേഹം മാസ്ക് ധരിക്കാതെ എത്തിയത്.
പെൻസിന് ചുറ്റും നിൽക്കുന്ന അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും രോഗികളുമെല്ലാം മാസ്ക് ധരിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു.
മാസ്ക് ധരിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ നിർദേശിച്ചിട്ടുണ്ടെങ്കിലും അത് ധരിക്കണോ വേണ്ടയോ എന്ന് താൻ തീരുമാനിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വൻതോതിൽ വിമർശനങ്ങളും ഉയർന്നിരുന്നു.