തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതില്‍ ഹൈക്കോടതി വിധി വിശദമായി പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരുകാര്യം അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുകയാണ്. കോടതി എന്താണോ പറഞ്ഞിട്ടുള്ളത് അത് സര്‍ക്കാര്‍ അനുസരിക്കും. അതിന്റെ കാര്യങ്ങള്‍ പരിശോധിച്ച് നടപ്പാക്കാന്‍ പറ്റാവുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കും.
സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ നിയമപരമായി പരിശോധിക്കാനുള്ള വേദിയാണല്ലോ കോടതി. കോടതിയുടെ പരിശോധനയില്‍ ഇപ്പോള്‍ ഒരു തീരുമാനം വന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ആ പരിശോധനയ്ക്ക് ശേഷം മറ്റുകാര്യങ്ങള്‍ പറയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാനുളള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഒരു മാസത്തിലെ ആറു ദിവസത്തെ ശമ്പളം അഞ്ചുമാസ കാലയളവില്‍ മാറ്റിവെയ്ക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാണ് ഹൈക്കോടതി തൽക്കാലം സ്റ്റേ ചെയ്തത്.