തൃശൂര്‍: വിയ്യൂര്‍ സബ് ജയിലില്‍ ക്വാറന്റൈൻ സൗകര്യം ഏര്‍പ്പെടുത്തുന്നു. ഇടക്കാല ജാമ്യവും പരോളും കഴിഞ്ഞെത്തുന്ന തടവുകാരെ പാര്‍പ്പിക്കാനാണ് മുൻകരുലുകൾ എടുക്കുന്നത്. സംസ്ഥാന ജയില്‍ മേധാവി ഋഷിരാജ് സിംഗിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാനത്തെ ജയിലുകളില്‍ ഈ സംവിധാനം ഒരുക്കുന്നത്. ലോക്ക്ഡൗണ്‍ കാലം കഴിഞ്ഞ് തിരിച്ചെത്തുന്നവരെ നിരീക്ഷണത്തിലാക്കാനാണ് ഈ സംവിധാനം .
ഇപ്പോഴത്തെ കണക്കനുസരിച്ച് മേയ് ഒന്നിന് 12 പേരാണ് തിരിച്ചെത്തുക. 13 മുതല്‍ 16 വരെ 24 പേരോളം തിരികെയെത്തും. മെയ് 25 മുതല്‍ 30 വരെ 80 ആളുകളും പരോള്‍ കഴിഞ്ഞ് തിരിച്ചെത്തും. ഓറഞ്ച് സോണില്‍നിന്നു വരുന്നവര്‍ക്ക് 14 ദിവസവും റെഡ് സോണില്‍നിന്നു വരുന്നവര്‍ക്ക് 28 ദിവസവുമാണു ക്വാറന്റൈന് നിശ്ചയിച്ചിട്ടുള്ളത്. ഇത് പ്രകാരം തന്നെ അവര്‍ തിരിച്ചെത്തുന്ന മുറയ്ക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തും.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും , വനിത ജയിലുകളില്‍നിന്നും പരോളില്‍ പോയി തിരിച്ചെത്തുന്നവരെ അതത് ജയിലുകളില്‍ തന്നെ ക്വാറന്റൈന് ചെയ്യും. ജില്ലയിലെ മറ്റു ജയിലുകളായ ജില്ല, സബ് ജയിലുകള്‍, ചാവക്കാട്, ഇരിഞ്ഞാലക്കുട ജയിലുകള്‍ എന്നിവിടങ്ങളില്‍നിന്നും ഇടക്കാല ജാമ്യത്തിലും പരോളിലും പോയി തിരിച്ചെത്തുമ്പോള്‍ ഇവരെ വിയ്യൂര്‍ സബ് ജയിലില്‍ തന്നെ ക്വാറന്റൈനിൽ നിരീക്ഷിക്കും. രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കുള്ള ചികിത്സയും ഉറപ്പുവരുത്തും.