കിം ജോങ് ഉന്നിന്റെ നില ഗുരുതരം ; സുബോധം നഷ്ടമായി ; പ്രതികരിക്കാതെ ഉത്തരകൊറിയ

സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിൽ തന്നെയാണ് തുടരുന്നതെന്ന് റിപ്പോർട്ടുകൾ. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം സുബോധത്തിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ
റിപ്പോർട്ട് ചെയ്യുന്നത്.

ഹൃദയശസ്ത്രക്രിയക്ക് ശേഷം
കിമ്മിന്റെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ പൂർണതോതിലായിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ഉണർന്നിരിക്കുമ്പോഴും സുബോധത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുന്ന അവസ്ഥയിലാണ് കിമ്മെന്നാണ് മാധ്യമങ്ങൾ പറയുന്നത്. എന്നാൽ കിമ്മിനെപറ്റി പുറത്തുവരുന്ന വാർത്തകൾ ഉത്തരകൊറിയ സ്ഥിരീകരിക്കുന്നുമില്ല.

ഏപ്രിൽ 12 നാണ് കിമ്മിനെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നത്. ഏപ്രിൽ 11 നാണ് കിം അവസാനമായി മാധ്യമങ്ങളെ കണ്ടത്. ഹൃദയശസ്ത്രക്രിയയെ തുടർന്ന് കിം അതീവ ഗുരുതര നിലയിൽ തുടരുകയാണെന്നാണ് വിവിധ യുഎസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. ഹൃദയവുമായി ബന്ധിക്കുന്ന രക്തക്കുഴലുകൾക്കു വീക്കം സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് മുതൽ കിം ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. എന്നാൽ കിംമിന്റെ ആരോഗ്യനിലയെ പറ്റി ഉത്തരകൊറിയ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിടുന്നില്ല.

ഏപ്രിൽ 11നു ശേഷം കിം പൊതുവേദികളിൽ എത്തിയിരുന്നില്ല. ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സൂങ്ങിന്റെ ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 15ന് നടന്ന ആഘോഷങ്ങളിലും കിം പങ്കെടുത്തില്ല. ആദ്യമായാണ് കിം ജോങ് ഉന്‍ മുത്തച്ഛന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതേ തുടർന്നാണ് കിംനെ കുറിച്ച് മാധ്യമങ്ങൾ തിരക്കാൻ തുടങ്ങിയത്.