കൊറോണയ്ക്കെതിരേ അണുനാശിനി കുത്തിവയ്പ് ;വെറും തമാശയെന്ന് ട്രംപ്

വാഷിംഗ്ടൺ : കൊറോണ വൈറസിനെ നശിപ്പിക്കാൻ അണുനാശിനി കുത്തിവെയ്പ് എടുക്കാമെന്ന് താന്‍ പറഞ്ഞത് ‘തമാശ’ക്കാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ അബദ്ധപ്രസ്താവന ലോകവ്യാപകമായി പരിഹാസത്തിനും വിമർശനങ്ങൾക്കും ഇടയാക്കിയതിനെ തുടർന്നാണ് ട്രംപ് വിശദീകരണവുമായി രംഗത്തെത്തിയത്.

‘കൊറോണ വൈറസ് പ്രവേശിക്കുന്നതും പെരുകുന്നതും ശ്വാസകോശത്തിലാണ് എന്ന് നമുക്കറിയാം. കുത്തിവെപ്പ്, പോലുള്ള എന്തെങ്കിലും മാർഗം ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കി, ശരീരം പൂർണമായും ശുദ്ധീകരിക്കാൻ കഴിയുമോ എന്നു പരീക്ഷിക്കണമെന്നും ‘ ട്രംപ് വാർത്താസമ്മേനത്തിൽ പറഞ്ഞിരുന്നു. എന്നാൽ
ഇങ്ങനെയൊക്കെ ചെയ്താല്‍ എന്തു സംഭവിക്കുമെന്ന് തമാശയായി റിപ്പോര്‍ട്ടര്‍മാരോട് ചോദിക്കുകയാണ് താന്‍ ചെയ്തതെന്നാണ് ട്രംപ് ഇതിന് നല്‍കിയ വിശദീകരണം.

അമേരിക്കൻ പ്രസിഡന്റിന്റെ വാക്കുകൾ കേട്ട് ആരും തങ്ങളുടെ ഉത്പന്നങ്ങൾ കുടിക്കരുതെന്ന മുന്നറിയിപ്പുമായി അണുനാശിനി കമ്പനികളും രംഗത്തു എത്തിയിരുന്നു. ഒരു സാഹചര്യത്തിലും തങ്ങളുടെ അണുനശീകരണ ഉത്പന്നങ്ങൾ മനുഷ്യശരീരത്തിലേക്ക് ഇൻജക്ഷൻ വഴിയോ വായിലൂടെയോ ശരീരത്തിൽ പ്രയോഗിക്കരുത് എന്നായിരുന്നു കമ്പനി ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്.