കൊച്ചി: പ്രവാസികളെ സ്വീകരിക്കാന്‍ എറണാകുളം ജില്ലയില്‍ 6000 വീടുകളും ഫ്‌ലാറ്റുകളും ഒരുക്കിയിട്ടുണ്ടെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. 7000 മുറികളാണ് എത്തുന്നവര്‍ക്കായി തയാറാക്കിയിരിക്കുന്നത്. താല്‍ക്കാലിക താമസത്തിനു വേണ്ടിയാണിത്. സംസ്ഥാനത്ത് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നത് നെടുമ്പാശ്ശേരിയില്‍ നിന്നായതിനാല്‍ കൂടുതല്‍ പ്രവാസികള്‍ എത്തുന്നതും എറണാകുളം ജില്ലയിലാകും. പഞ്ചായത്ത് പ്രദേശങ്ങളില്‍ 4701 വീടുകള്‍ ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ തയാറെടുപ്പുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ത്തിയാകും.
പ്രവാസികളെ തിരികെ കൊണ്ടുവരാനായി നടത്തിയ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ തയ്യാറെടുപ്പുകളെ കുറിച്ച് മന്ത്രി വ്യക്തമാക്കിയത്. തിങ്കളാഴ്ചയോടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആകെ 6000 വീടുകളും ഫ്‌ലാറ്റുകളും താമസത്തിനായി ഒരുക്കിയിട്ടുണ്ട്. ഒരു വീട്ടില്‍ നാലു പേര്‍ എന്ന രീതിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത് മന്ത്രി വിശദീകരിച്ചു.