ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലൻസ് എഫ്ഐആർ കോടതിയിൽ ; സസ്പെൻഷന് സാധ്യത

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി ജി പി ജേക്കബ് തോമസ് ഐപിഎസിനെതിരെ വിജിലൻസ് സമർപ്പിച്ച എഫ്ഐആർ കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ വിജിലൻസ് അന്വേഷണ സംഘം സമർപ്പിച്ച എഫ്ഐആറാണ് കോടതി ഫയലിൽ സ്വീകരിച്ചത്.

നിലവിൽ മെറ്റൽ ഇൻഡസ്ട്രീസസ് ലിമിറ്റഡ് എംഡിയായി ജോലി നോക്കി വരുന്ന ജേക്കബ് തോമസ് 2001 നവംബർ 15 ന് തമിഴ്നാട് സംസ്ഥാനത്ത് വിരുദു നഗർ ജില്ലയിൽപ്പെട്ട രാജപാളയം താലൂക്കിൽ രണ്ട് വിൽപ്പന കരാറുകളിലായി 50.33 ഏക്കർ വസ്തു വാങ്ങിയിരുന്നു. ഇക്കാര്യങ്ങൾ അദ്ദേഹം സർക്കാർ രേഖകളിൽ വെളിപ്പെടുത്തിയില്ല ഇതാണ് കേസിനാസ്പദമായ സംഭവം.

‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പേരിലെഴുതിയ പുസ്കത്തിൽ ജേക്കബ് തോമസ് ഈ ഭൂമി ഇടപാട് സമ്മതിച്ചിട്ടുണ്ട്. ഇത് അനധികൃത സ്വത്ത് സമ്പാദനം ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരം ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് വിജിലൻസിന് കൈമാറുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്തതോടെ ജേക്കബ് തോമസിനെ വീണ്ടും സസ്പെൻഡ് ചെയ്യാനും വഴിയൊരുങ്ങുകയാണ്. ഇത് അദ്ദേഹത്തിന്‍റെ വിരമിക്കല്‍ ആനുകൂല്യത്തെ ബാധിച്ചേക്കും