തിരുവനന്തപുരം: പിണറായിക്ക് ലാവ്‌ലിൻ ബാധയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പണ്ട് പിണറായിയെ തേജോവധം ചെയ്തത് സിപിഎമ്മുകാരാണെന്നും അതും സ്പ്രിൻക്ലറുമായി കൂട്ടിക്കെട്ടേണ്ടെന്നും ചെന്നിത്തല പറഞ്ഞു.തന്റെ ആക്ഷേപത്തെ ഇടതുമുന്നണിയോ സിപിഎം ദേശീയ, സംസ്ഥാന നേതൃത്വമോ തള്ളിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്പിക്ലർ അഴിമതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിലും ഇടതുമുന്നണിയിലും അഭിപ്രായ വ്യത്യാസമുണ്ട്.
സ്പ്രിൻക്ലർ അഴിമതിയിൽനിന്ന് രക്ഷപ്പെടുന്നതിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗൂഢാലോചന വാദം ഉയർത്തുന്നത്. ഇഷ്ടമില്ലാത്ത ചോദ്യം വരുമ്പോൾ പിണറായി വിജയനിൽനിന്ന് ഉയരുന്നത് നിലവിളി ശബ്ദമാണ്. സ്പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയത് ശരിയായ ചോദ്യങ്ങൾ ആയിരുന്നുവെന്നും ഒരെണ്ണത്തിനു പോലും കൃത്യമായ മറുപടി പറയാൻ പിണറായി വിജയനു കഴിഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎം വിഭാഗീയത കുത്തിപ്പൊക്കി രക്തസാക്ഷി ചമയാനാണു പിണറായിയുടെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു. ഐടി സെക്രട്ടറി പാര്‍ട്ടി ഓഫിസില്‍ കാനത്തെ കണ്ടത് വിചിത്രമായ നടപടിയാണ്. മുഖ്യമന്ത്രിയുടെ നടപടി ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതാണന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.