ആലപ്പുഴ: കൊറോണ ലോക്ക്ഡൗണ്‍ പോലീസ് പട്രോളിംഗ് ജനസൗഹൃദവും പ്രയോജപ്രദവുമാക്കുകയാണ് തത്തംപളളിയിലും പരിസര പ്രദേശങ്ങളിലും. ഇതിന്റെ ഭാഗമായി തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷനും (ടിആര്‍എ) ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനും ചേര്‍ന്നു പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ വാട്‌സ്ആപ് ഡിജിറ്റല്‍ ബീറ്റ് ബുക്ക് കരുതലിന്റെ കാര്യത്തില്‍ ഗുണപ്രദമാകുന്നു.
പകലും രാത്രിയും പോലീസ് ബീറ്റ് ഡ്യൂട്ടി ഫലവത്തായി നടത്താം. കുറ്റവാളികളെ കണ്ടെത്തുന്നതിനും പൊതുജനങ്ങളില്‍ നിന്നു സാമൂഹ്യവിരുദ്ധരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയുന്നതിനും ഇതിലൂടെ സാധിക്കും. കുറ്റകൃത്യങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ടിആര്‍എ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ സൂചിപ്പിച്ചു. ഡിജിറ്റല്‍ ആയതിനാല്‍ പ്രശ്‌നങ്ങളും സംശയാസ്പദമായ കാര്യങ്ങളും തത്സമയം പോലീസിനെ അറിയിക്കാനും ഉടനെ നടപടികള്‍ സ്വീകരിക്കാനുമാകും.
ബീറ്റുമായി ബന്ധപ്പെട്ടു ലഭ്യമാകുന്ന അത്യാവശ്യ വിവരങ്ങളും മുന്നറിയിപ്പുകളും അസോസിയേഷന്‍ പ്രസിഡന്റിന്റെ വാട്‌സ്ആപ് നമ്പരിലേക്കാണ് നല്കുന്നത്. അപരിചതരുടേയും കുറ്റകൃത്യങ്ങളില്‍ സംശയിക്കുന്നവരുടേയും ഫോട്ടോയും വിവരങ്ങളും പരസ്പരം കൈമാറും. അതില്‍ ആവശ്യമുള്ളവ ഗ്രൂപ്പ് സന്ദേശങ്ങളായി വീട്ടുകാര്‍ക്കു വാട്‌സ്ആപ്പിലുടെയും ഫേസ്ബുക്കിലൂടെയും നല്കും. ഫോട്ടോകളും വീഡിയോകളുമാകുമ്പോള്‍ കാര്യങ്ങള്‍ വളരെവേഗം മനസിലാകുമെന്നതാണ് ഇതിൻ്റെ പ്രത്യേകത.
അസോസിയേഷന്റെ പൊതുആവശ്യങ്ങള്‍ നടപ്പിലാക്കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും നോര്‍ത്ത് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ടിആര്‍എ പ്രദേശത്തിന്റെ മേല്‍നോട്ടം സിപിഒമാരെ ഏല്‍പ്പിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ എസ്‌ഐ ടോള്‍സണ്‍ ജോസഫ്, പ്രൊബേഷണറി എസ്‌ഐ അരുണ്‍ തോമസ്, സിപിഒമാരായ വിഷ്ണു എന്‍.എസ്., സുജിത്ത്, സുധീഷ് ചിപ്പി തുടങ്ങിയവരടങ്ങുന്ന സംഘമാണ് ലോക്ക്ഡൗണ്‍ പട്രോളിംഗിനു സാധാരണ നേതൃത്വം നല്കുന്നത്.